ഇൗ വിദ്യാലയം അമ്മമാരുടെ വായനശാല

കാസർകോട്: അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂളിലേക്ക് വൈകുന്നേരം മക്കളെ കൂട്ടിക്കൊണ്ടുപോകാൻ എത്തുന്ന അമ്മമാർ മടങ്ങുന്നത് കുട്ടികളോടൊപ്പം പുസ്തകങ്ങളുമായാണ്. സ്കൂളിൽ കഴിഞ്ഞവർഷം അമ്മമാർക്കായി ആരംഭിച്ച 'അമ്മ അറിയാൻ' ലൈബ്രറിയുടെ ഭാഗമായാണ് വായനയത്നം നടക്കുന്നത്. സ്കൂളിൽ നേരേത്ത എത്തുന്ന അമ്മമാർ വായനമുറിയിലിരുന്ന് പുസ്തകങ്ങൾ വായിക്കുകയും വായനാനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു. ചിലപ്പോൾ നാലുമണി കഴിഞ്ഞും വായന നീളും. കഥകളും നോവലുകളുമാണ് ഇവർ വായനക്കായി തെരഞ്ഞെടുക്കുന്നതിൽ ഏറെയും. വായിച്ച പുസ്തകങ്ങളിലെ കഥകൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കാറുണ്ടെന്ന് ആറാംതരത്തിൽ പഠിക്കുന്ന സനുഷയുടെ അമ്മ നിഷ പറയുന്നു. ലൈബ്രറിയുടെ കൺവീനർ കൂടിയാണിവർ. സ്കൂൾ ലൈബ്രറിയിൽനിന്നുള്ള പുസ്തകങ്ങൾ ഇവർ സമീപവാസികൾക്കും നൽകാറുണ്ട്. നൂറോളം പുസ്തകങ്ങൾ വായിച്ച അമ്മമാരും ഇക്കൂട്ടത്തിലുണ്ട്. ഇൗ വർഷത്തെ അമ്മ അറിയാൻ പരിപാടി കെ. നിഷ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ യു. രാമ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുരേന്ദ്രൻ, പി. വേണുഗോപാലൻ, അശോകൻ കുണിയേരി, സ്റ്റാഫ് സെക്രട്ടറി എ. ജയദേവൻ എന്നിവർ സംസാരിച്ചു. എസ്.ആർ.ജി കൺവീനർ കെ. സുബ്രഹ്മണ്യൻ സ്വാഗതവും കെ. സ്വപ്‍ന നന്ദിയും പറഞ്ഞു. വായനദിനത്തിൽ അമ്മമാരും അധ്യാപകരും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി ലൈബ്രറി ശാക്തീകരണപരിപാടിക്ക് തുടക്കം കുറിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.