നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ മുംബൈ ആസ്ഥാനമായ ആശാപുര കമ്പനിക്ക് കോടതിമുഖേന ഖനനാനുമതി ലഭിച്ചാൽ അമ്പതോളം കുടുംബങ്ങൾ വീടുവിട്ട് പോകേണ്ടിവരും. കിനാനൂർ വില്ലേജിലെ ചേേമ്പന, മേലാഞ്ചേരി, കൂടോൽ എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് കുടിയൊഴിയേണ്ടിവരുക. പട്ടികവർഗ വിഭാഗത്തിൽപെടുന്നവർ ഉൾപ്പെടെ ഇതിൽ വരും. വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ഭൂമി പതിച്ചുനൽകി വീടുകെട്ടി കുടുംബസമേതം താമസിക്കുന്നത്. മുമ്പ് ആശാപുരക്ക് ലീസിന് നൽകിയ പ്രദേശങ്ങളിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. അതുകൊണ്ടുതന്നെ കിടപ്പാടം നഷ്ടമാകുമോ എന്ന ആശങ്കയിലാണിവർ. കൂടാതെ, സമീപപ്രദേശങ്ങളായ മയ്യങ്ങാനം, ബിരിക്കുളം, കാറളം, വരഞ്ഞൂർ, കാളിയാനം, ചെന്നകോട് എന്നീ പ്രദേശങ്ങളിലെ കിണറുകളിൽ ജലവിതാനം ഉയർത്തുന്നത് കടലാടിപ്പാറയിലെ വലിയ പള്ളവും പാറക്കുഴികളുമാണ്. കടലാടിപ്പാറയുടെ സമീപത്തായി സ്കൂൾ, അംഗൻവാടി, ആശുപത്രി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കോടതിസഹായത്തോടെ പൊതുജനാഭിപ്രായം തേടാനുള്ള കമ്പനിയുടെ നീക്കത്തെ ഒരുതരത്തിലും സഹായിക്കില്ലെന്ന ഉറച്ചനിലപാടിലാണ് ഇവർ. പൊതുജനാഭിപ്രായത്തിന് കമ്പനി എത്തിയാൽ തടയുമെന്ന് ജനകീയസമിതിയും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.