വജ്രജൂബിലി നിറവിൽ കയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്​കൂൾ

ചെറുവത്തൂര്‍: കയ്യൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വജ്രജൂബിലി നിറവില്‍. 1957ല്‍ ആരംഭിച്ച സ്‌കൂള്‍ ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ആറുപതിറ്റാണ്ട് പിന്നിടുകയാണ്. സ്വാതന്ത്യസമര പോരാളികളായിരുന്ന കെ. മാധവന്‍, വി.വി. കുഞ്ഞമ്പു, ടി.വി. കുഞ്ഞമ്പു, കെ.പി. വെള്ളുങ്ങ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കയ്യൂരിലെ ജനങ്ങളുടെ പരിശ്രമഫലമാണ് ഈ വിദ്യാലയം. തദ്ദേശഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും നല്‍കിയ സഹായ സഹകരണങ്ങളിലൂടെ മെച്ചപ്പെടുത്തിയെടുത്ത ഭൗതിക സാഹചര്യങ്ങളിലൂടെ കുട്ടികള്‍ ഇന്നും അറിവ് സ്വായത്തമാക്കുന്നു. പി. കരുണാകരന്‍ എം.പിയുടെ ശ്രമഫലമായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡി​െൻറ സഹായത്തില്‍ സ്‌കൂളിനായി 24 ക്ലാസ്മുറികളുള്ള കെട്ടിടസമുച്ചയം പണി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. യു.പി, ഹൈസ്‌കൂള്‍, ഹയർ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി വിഭാഗങ്ങളാണ് നിലവിലുള്ളത്. എസ്.എസ്.എൽ.സി പരീക്ഷയില്‍ തുടര്‍ച്ചയായി എട്ടാം തവണയും സമ്പൂർണവിജയം നേടിയതോടൊപ്പം ഹയർ സെക്കന്‍ഡറിയിലും വൊക്കേഷനൽ ഹയർസെക്കൻഡറിയിലും മികച്ച വിജയമാണ് നേടുന്നത്. ജൂബിലിയാഘോഷത്തി​െൻറ ഭാഗമായി പാഠ്യ-പഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷകമാക്കുകയും ജനകീയമാക്കുകയും ചെയ്യുന്നതോടൊപ്പം ഭൗതികസാഹചര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിക്കും. ആധുനിക ഭക്ഷണശാല, സ്മാര്‍ട്ട് ക്ലാസ്, ജൈവവൈവിധ്യ പാര്‍ക്ക് എന്നിവയാണ് ജൂബിലി വര്‍ഷത്തിലെ ലക്ഷ്യം. വിദ്യാലയ വികസനദിനം, കാര്‍ഷികദിനം, പരിസ്ഥിതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ശാസ്ത്രബോധം വളര്‍ത്താനുതകുന്ന പരിപാടികള്‍, തൊഴില്‍ പരിശീലനം, ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മാധ്യമപ്രദര്‍ശനം, വിവിധ ദിനാചരണങ്ങള്‍, സർഗാത്മക ക്യാമ്പുകള്‍, കലാ-കായിക മത്സരങ്ങള്‍, സെമിനാറുകള്‍, ബാച്ചുകളുടെ സംഗമം തുടങ്ങിയ പരിപാടികള്‍ ആഘോഷത്തി​െൻറ ഭാഗമായി സംഘടിപ്പിക്കും. വജ്രജൂബിലിയാഘോഷം നാളെ വൈകീട്ട് മൂന്നിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വിരമിച്ച അധ്യാപകര്‍ക്ക് പി. കരുണാകരന്‍ എം.പി പൗരാവലിയുടെ ഉപഹാരം സമര്‍പ്പിക്കും. ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീര്‍ ഉപഹാരം നല്‍കും. വാർത്താസമ്മേളനത്തില്‍ എം. ബാലകൃഷ്ണന്‍, പി. രവീന്ദ്രന്‍, ടി.വി. രവീന്ദ്രന്‍, എം. സുകുമാരന്‍, കെ.വി. പുരുഷോത്തമന്‍, എന്‍. ഗംഗാധരന്‍, എം. സുനില്‍കുമാര്‍, സി. സുന്ദരന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.