വിദ്യാർഥികളോട് നവകേരള സൃഷ്​ടിക്കായി അണിചേരാൻ മുഖ്യമന്ത്രി

കാസർകോട്: വിദ്യാർഥികളോട് നവകേരള സൃഷ്ടിക്കായി അണിചേരാൻ ആഹ്വാനം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ സന്ദേശം വെള്ളിയാഴ്ച വിദ്യാലയങ്ങളിൽ വായിച്ചു. പ്രിയ കൂട്ടുകാരെ എന്ന് അഭിസംബോധന ചെയ്യുന്ന സന്ദേശം ഇങ്ങനെ തുടരുന്നു: എത്ര സുന്ദരമാണ് നമ്മുടെ കേരളം, കാടും മലയും കുളവും പുഴയും വയലും കായലും അറബിക്കടലും ഒക്കെച്ചേർന്ന് എത്ര മനോഹരം. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച നമ്മുടെ കേരളത്തെ കൂടുതൽ സുന്ദരമാക്കാനായാൽ എങ്ങനെയായിരിക്കും. അതിനായി നമുക്ക് ചെയ്യാവുന്ന ഒരുപാട് കാര്യങ്ങളുണ്ട്. കൂടുതൽ മരങ്ങൾ െവച്ചുപിടിപ്പിക്കുക. കൂടുതൽ പ്രാണവായുവും മഴയും ലഭിക്കും. ചൂട് കുറയും. ഓസോൺ പാളിക്ക് സംരക്ഷണമാകും. പക്ഷികൾക്ക് കൂടുകൂട്ടാൻ ഇടവുമാകും. പ്ലാസ്റ്റിക് ഉപയോഗം നമുക്ക് കുറക്കാം. കുപ്പികൾ, കവറുകൾ, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ നമുക്ക് വലിച്ചെറിയാതിരിക്കാം. അവ പ്രകൃതിക്ക് ദോഷം ചെയ്യും. മറ്റ് മാലിന്യം പൊതുസ്ഥലങ്ങളിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കാം. നമുക്ക് വൃത്തിയുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കാം. മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരാതെ നോക്കാം. നമുക്ക് വേണ്ട പച്ചക്കറികൾ നമുക്കുതന്നെ വിളയിച്ച് തുടങ്ങാം. പരമാവധി ജൈവവളം ഉപയോഗിക്കാം. അങ്ങനെ വിഷം കലർന്ന പച്ചക്കറിയിൽനിന്ന് മോചനം നേടാം. നമ്മുടെ ആവശ്യങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. അടുത്തത് ജലം സംരക്ഷിക്കലാണ്. ജലേസ്രാതസ്സുകൾ ശുചീകരിക്കുന്നതിൽ മുൻകൈയെടുക്കാം. നാളത്തെ തലമുറക്കുവേണ്ടി ജലാശയങ്ങളെ നന്നായി പരിപാലിക്കാം. ജലം ഒരു തുളളിപോലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കാം. ഒപ്പം, നല്ല ശീലങ്ങളിലൂടെ നല്ല പൗരന്മാരായി വളരാം. നാടിന് വെളിച്ചവും മാതൃകയും ആകാം. പുതിയൊരു കേരളം സൃഷ്ടിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പേരും സ്കൂൾ വിലാസവും സഹിതം എന്നെ എഴുതി അറിയിക്കുമല്ലോ. സ്നേഹപൂർവം നിങ്ങളുടെ പിണറായി വിജയൻ (കേരള മുഖ്യമന്ത്രി), റൂം നമ്പർ 141, മൂന്നാം നില, നോർത്ത് ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001. ഇതാണ് മുഖ്യമന്ത്രി കേരളത്തിലെ വിദ്യാർഥികൾക്ക് നൽകിയ സന്ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.