തൊടീക്കളം ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ സംരക്ഷിക്കാൻ നടപടി

കൂത്തുപറമ്പ്: തൊടീക്കളം ശിവക്ഷേത്രത്തിലെ അപൂർവങ്ങളായ ചുവർചിത്രങ്ങൾ സംരക്ഷിക്കാൻ നടപടിയായി. 72 ലക്ഷം രൂപയുടെ പദ്ധതികളാണ് സംസ്ഥാന പുരാവസ്തുവകുപ്പ് തയാറാക്കിയിട്ടുള്ളത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ജൂലൈ 21ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. 20 നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിക്കപ്പെട്ടതെന്ന് കരുതുന്ന മ്യൂറൽ ചിത്രങ്ങൾ കാലപ്പഴക്കത്താൽ നാശോന്മുഖമാണ്. സംസ്ഥാന പുരാവസ്തു വകുപ്പി​െൻറ നിയന്ത്രണത്തിലാണിപ്പോൾ ചുവർചിത്രങ്ങൾ സംരക്ഷിച്ചുപോരുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രത്തെ സംരക്ഷിത വിഭാഗത്തിലാണ് പുരാവസ്തു വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ശാസ്ത്രീയരീതിയിലുള്ള സംരക്ഷണങ്ങളൊരുക്കാൻ പുരാവസ്തുവകുപ്പിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വംബോർഡും നാട്ടുകാരും ചുവർചിത്രങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ദേവസ്വം ബോർഡി​െൻറ അഭ്യർഥനയെ തുടർന്ന് പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏതാനും മാസം മുമ്പ് തൊടീക്കളം ക്ഷേത്രം സന്ദർശിച്ച് ചുവർചിത്രങ്ങൾ വിലയിരുത്തിയിരുന്നു. 60 ലക്ഷം രൂപയാണ് ചുവർചിത്രങ്ങളുടെ നവീകരണത്തിന് പുരാവസ്തുവകുപ്പ് അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം തകർന്ന ചുറ്റുമതിൽ പുനർനിർമിക്കുന്നതിന് 12 ലക്ഷം രൂപയും വകയിരുത്തി. നവീകരണം പൂർത്തിയാകുന്നതോടെ ചുവർചിത്രകല ആസ്വദിക്കാൻ പറ്റുന്ന കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി തൊടീക്കളം ശിവക്ഷേത്രം മാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.