പയ്യന്നൂർ: 130 ഏക്കർ കാനായിവയൽ തരിശുരഹിതമാക്കി മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കർഷകസംഘം കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റി. പയ്യന്നൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ നെൽവയലുകളാൽ സമ്പന്നമാണ് കോറോം വില്ലേജ്. പ്രത്യേകിച്ച് മണിയറ, കാനായി, മുത്തത്തി ഉൾപ്പെടുന്ന കിഴക്കൻ പ്രദേശങ്ങൾ. 215 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ വയലുകളായിരുന്നു ഒരു കാലത്ത് ഇവിടത്തെ ഉപജീവനമാർഗം. മൂന്നുവിള കൃഷി ചെയ്തിരുന്ന വയലുകളായിരുന്നു ഇവ. 40 ഏക്കർ വരുന്ന മണിയറ വയലിൽ മാത്രമാണ് കൃഷി അതേപടി നിലനിൽക്കുന്നത്. 45 ഏക്കർ വരുന്ന മുത്തത്തി വയൽ പൂർണമായും തരിശിടുകയും 130 ഏക്കറോളം വരുന്ന കാനായി വയലിൽ 30 ഏക്കറിൽ മാത്രമായി കൃഷി ചുരുങ്ങുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കർഷകസംഘം കോറോം ഈസ്റ്റ് വില്ലേജ് കമ്മിറ്റി 'എെൻറ ഗ്രാമം തരിശുരഹിത ഗ്രാമം' പ്രവർത്തനത്തിന് തുടക്കംകുറിക്കുന്നത്. ഇതിെൻറ ഭാഗമായി നടന്ന ഒത്തൊരുമിച്ച പ്രവർത്തനത്തിെൻറ ഫലമായാണ് 130 ഏക്കർ വരുന്ന കാനായിവയൽ തരിശുരഹിതമാക്കാൻ കഴിഞ്ഞത്. ആദ്യഘട്ടമെന്നനിലയിൽ കഴിഞ്ഞവർഷം മുഴുവൻ കർഷകരെയും സംഘടിപ്പിച്ച് വിപുലമായ കൺവെൻഷൻ വിളിച്ചുചേർത്തു. കർഷക സംഘം നേരിട്ട് 10 ഏക്കർ തരിശുനിലത്ത് കൃഷിയിറക്കുകയും ചെയ്തു. നെല്ല് മുഴുവൻ അരിയാക്കി കാനായി കുത്തരി എന്ന ബ്രാൻഡിൽ വിപണിയിലിറക്കി. ഈ വർഷം 25 ഏക്കറിലേക്ക് കർഷകസംഘം കൃഷി വ്യാപിപ്പിക്കുകയും ബാക്കി വയലുകളിൽ കൃഷിക്കാർ സ്വന്തമായി കൃഷി ഇറക്കുകയും ചെയ്തു. ഇതോടെ വിശാലമായ കാനായി വയലിെൻറ കാർഷികസംസ്കൃതി തിരിച്ചു പിടിക്കാനായി. കാനായി വയൽ തരിശുരഹിത പ്രഖ്യാപനം ജനുവരി ഒന്നിന് രാവിലെ 10ന് വയൽ പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഖ്യാപനം സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി കെ.പി. മധുവിെൻറ അധ്യക്ഷതയിൽ കർഷകസംഘം ജില്ല പ്രസിഡൻറ് ഒ.വി. നാരായണനും 25 ഏക്കർ തരിശുകൃഷി നടീൽ സമാപന ഉദ്ഘാടനം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വലും നിർവഹിക്കും. --------------ആദ്യകാല കർഷകർ ടി.ഐ. മധുസൂദനൻ------------------------- ആദരിക്കും. വാർത്തസമ്മേളനത്തിൽ ഇ.ടി. പത്മനാഭൻ, പി. ഗംഗാധരൻ, കെ.വി. രാമകൃഷ്ണൻ, കെ. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.