ചരിത്രമായി ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍

പേരാവൂര്‍: ചേംബര്‍ ഓഫ് പേരാവൂരി​െൻറ നേതൃത്വത്തില്‍ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍, പേരാവൂര്‍ യൂത്ത് ചേംബർ, വൈസ്മെന്‍സ് ഇൻറര്‍നാഷനല്‍ ഡിസിട്രിക്ട് ഫോർ, ലയണ്‍സ് ക്ലബ്, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ഗ്രീന്‍ പേരാവൂര്‍ എന്ന സന്ദേശവുമായി മാരത്തണ്‍ നടത്തി. മാരത്തണില്‍ പങ്കെടുക്കാൻ കായികതാരങ്ങൾ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ എത്തിയിരുന്നു. 1200ഓളം പേരാണ് പങ്കാളികളായത്. ഓപണ്‍ വിഭാഗത്തില്‍ 10.30 കിലോമീറ്റര്‍ ക്വാര്‍ട്ടര്‍ മാരത്തണ്‍, ഫാമിലിക്കും സെലിബ്രിറ്റികള്‍ക്കുമായി മൂന്ന് കിലോമീറ്റര്‍ ഫാമിലി റണ്‍ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളിലായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. പേരാവൂർ സെപ്ലെകോക്ക് മുന്നില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ക്വാര്‍ട്ടർ മാരത്തണും അഡ്വ. സണ്ണി ജോസഫ് ഫാമിലി റണ്ണും ഫ്ലാഗ്ഓഫ് ചെയ്തു. പേരാവൂര്‍ സെപ്ലെകോക്കു മുന്നില്‍നിന്ന് ആരംഭിച്ച് പെരുമ്പുന്ന കുരിശുപള്ളി വഴി മലയോര ഹൈവേയിലെത്തി മടപ്പുരച്ചാല്‍, മണത്തണ, തുണ്ടി വഴി ആരംഭസ്ഥലത്ത് സമാപിച്ചു. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി മാരത്തണില്‍ പങ്കെടുത്ത് ക്വാര്‍ട്ടര്‍ മാരത്തണ്‍ പൂര്‍ത്തീകരിച്ചു. പൊതുജനങ്ങളുടെ സഹായമുണ്ടെങ്കില്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഊര്‍ജം പകരുമെന്നും സാഹസിക കായികത്തി​െൻറ ഹബ്ബാക്കി കണ്ണൂരിനെ മാറ്റാന്‍ സാധിക്കണമെന്നും മിര്‍ മുഹമ്മദലി മാരത്തണ്‍ വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചെയ്ത് പറഞ്ഞു. ഓപണ്‍ വിഭാഗത്തില്‍ 33.27 മിനിറ്റിനുള്ളില്‍ പൂര്‍ത്തിയാക്കി കേരളത്തിന് പുറത്തുനിന്നുള്ള രാജ് ശേഖര്‍ പതക് ഒന്നാം സ്ഥാനവും 33.29 മിനിറ്റില്‍ പൂര്‍ത്തിയാക്കി ഗുജറാത്ത് സ്വദേശി അര്‍ജുന്‍ പ്രധാന്‍ രണ്ടാം സ്ഥാനവും 33.29 മിനിറ്റില്‍ പൂര്‍ത്തിയാക്കി കോളയാട് സ്വദേശി സി.പി. ഷിജു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്ത്രീകളുടെ വിഭാഗത്തില്‍ പ്രീനു യാദവ്, മണ്ഡി ഐ ഗുപ്ത, റേച്ച ബധേരിയ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്‌കൂള്‍ കാറ്റഗറിയില്‍ സി.എസ്. അഭിനവ്, കെ.എസ്. അജിന എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. ചടങ്ങില്‍ ലഫ്. കേണല്‍ ജനറല്‍ വിനോദ് നയ്‌നാർ, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ജില്ല പഞ്ചായത്തംഗം വി.കെ. സുരേഷ് ബാബു, ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ്, റൈസ് ഡയറക്ടര്‍ കെ.എന്‍. മൈക്കിള്‍, ബെന്നി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. ഷാജി, കോളയാട് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുരേഷ് കുമാര്‍, പേരാവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് ജിജി ജോയി, സജേഷ് പയ്യന്നൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.