നീന്തിത്തുടിക്കാൻ കക്കാടേക്ക് വരൂ

കണ്ണൂർ: കക്കാട് മിനി ഒളിമ്പിക്സ് സ്വിമ്മിങ് പൂൾ നിർമാണം പൂർത്തിയായി. ഒരു കോടിയോളം രൂപ ചെലവിൽ നിർമിച്ച നീന്തൽക്കുളം ആധുനികസംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് പി.കെ. ശ്രീമതി എം.പി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ പുതിയ നീന്തൽതാരങ്ങളെ സൃഷ്ടിക്കാൻ ഇത് വഴിയൊരുക്കുമെന്ന് എം.പി പ്രത്യാശ പ്രകടിപ്പിച്ചു. 25 മീറ്റർ നീളവും 12.5 മീറ്റർ വീതിയും 1.35 മീറ്റർ ആഴവുമുള്ള കുളം ജനുവരി ആദ്യവാരം നാടിന് സമർപ്പിക്കും. ഡിസംബർ അവസാനംവരെയുള്ള ദിവസങ്ങളിൽ ട്രയൽ റൺ നടത്തും. ഇതി​െൻറഭാഗമായി പകൽസമയങ്ങളിൽ നഗരത്തിലെ 500 കുട്ടികൾക്ക് നീന്തൽ പഠിപ്പിക്കുന്ന കോർപറേഷ​െൻറ പദ്ധതി നടപ്പിലാക്കും. വൈകീട്ട് ആറു മുതൽ എട്ടുവരെ മണിക്കൂറിന് 80 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകും. ഉദ്ഘാടനത്തിനുശേഷം രാവിലെ പരിശീലനങ്ങൾക്കും വൈകീട്ട് പൊതുജനങ്ങൾക്കുമെന്ന രീതിയിലാണ് പ്രവേശനം ക്രമീകരിക്കുക. നഗരത്തിലെ ആനക്കുളംപോലുള്ള വലിയകുളങ്ങൾ സ്പോർട്സ് കൗൺസിലോ ഡി.ടി.പി.സിയോ ഏറ്റെടുത്ത് അവയുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എം.പി പറഞ്ഞു. കക്കാട് സ്വിമ്മിങ് പൂളിനോടുബന്ധിച്ച് കുട്ടികൾക്ക് കളിക്കാനും മുതിർന്നവർക്ക് വിശ്രമിക്കാനുമായി പാർക്ക് സജ്ജീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കക്കാടിന് പുറേമ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലും പിണറായിയിലും അത്യാധുനിക സംവിധാനങ്ങളോടെയുള്ള അന്താരാഷ്ട്ര ഒളിമ്പിക് നീന്തൽക്കുളങ്ങൾ ഒരുങ്ങുന്നതായി ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. ഭാവിയിൽ സ്വിമ്മിങ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെയുള്ളവ ഇവിടങ്ങളിൽ സംഘടിപ്പിക്കുന്നതിന് ശ്രമങ്ങൾ നടത്തും. സ്പോർട്സ് കൗൺസിലി​െൻറ നിയന്ത്രണത്തിലുള്ള നീന്തൽക്കുളത്തി​െൻറ നല്ലരീതിയിലുള്ള നടത്തിപ്പിനും സംരക്ഷണത്തിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയായതായി ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ.കെ. വിനീഷ് പറഞ്ഞു. പി.പി. പവിത്രൻ, എ.കെ. ശരീഫ്, എസ്. രാജേന്ദ്രൻ എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.