മഞ്ചേശ്വരം: നബിദിന റാലിയിൽ പൊലീസിന് നേരെയുണ്ടായ അക്രമവുമായി ബന്ധപെട്ട് കസ്റ്റഡിയിലായ പ്രതിയെ മോചിപ്പിക്കാൻ ചെന്ന നേതാക്കളോട് മഞ്ചേശ്വരം പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് സി.പി.എം ഉപ്പള ലോക്കൽ കമ്മിറ്റിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഉപ്പള ലോക്കൽ കമ്മിറ്റിയിലെ വ്യവസായിയടക്കം രണ്ട് അംഗങ്ങൾ രാജിവെച്ചു. ബ്രാഞ്ച് സെക്രട്ടറിയടക്കം പത്തോളം പ്രവർത്തകർ രാജിവെക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർ വരുംദിവസങ്ങളിൽ രാജിവെക്കുമെന്നാണ് സൂചന. ലോക്കൽ കമ്മിറ്റി അംഗങ്ങളായ റസാഖ് പൂന, ഹസൈനാർ എന്നിവരാണ് രാജിവെച്ചത്. പെരിങ്കടി ബ്രാഞ്ച് അംഗങ്ങൾ കൂടിയായ ഇരുവരും രാജിക്കത്ത് ലോക്കൽ സെക്രട്ടറി രവീന്ദ്ര ഷെട്ടിക്ക് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ നബിദിനാഘോഷവുമായി ബന്ധപെട്ട് പ്രശ്‌നബാധിത പ്രദേശമായ ഐല മൈതാനിക്ക് സമീപം ഇരുവിഭാഗം തമ്മിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. സ്ഥലത്ത് കൂടിനിന്നവരെ പിരിച്ചു വിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയുംചെയ്തു. ഇതിനിടയിൽ പൊലീസിന് നേരെ ഉണ്ടായ അക്രമത്തിൽ കുമ്പള സി.ഐയടക്കം മൂന്നു പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കലാപശ്രമത്തിന് 40 പേർക്കെതിരെ കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റ് ചെയ്യുകയുംചെയ്തിരുന്നു. പൊലീസ് പകർത്തിയ ദൃശ്യങ്ങളിൽ ഉൾപ്പെട്ട പലരെയും കണ്ടെത്താൻ അന്വേഷണം നടത്തിവരുന്നതിനിടയിൽ ഒരു യുവാവിനെ കഴിഞ്ഞദിവസം മഞ്ചേശ്വരം പൊലീസ് പിടികൂടിയിരുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനായ ഇയാളെ മോചിപ്പിക്കാനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയ രണ്ടു സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കമുള്ള നേതാക്കളോട് പൊലീസ് അപമര്യാദയായി പെരുമാറുകയായിരുന്നുവത്രെ. പൊലീസ് അപമര്യാദയായി പെരുമാറിയ സംഭവത്തിലും പ്രതിയെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ ചുമതലയുള്ള ജില്ല സെക്രേട്ടറിയറ്റംഗത്തെ സമീപിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രണ്ടു ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവെച്ചത്. സംഭവത്തിൽ കമ്മിറ്റിയിൽ രൂക്ഷഭിന്നത രൂപപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.