പരിയാരം: കലയുടെ സർഗവഴികളിൽ വൈദ്യശാസ്ത്ര പഠനത്തിെൻറ സങ്കീർണതകൾക്ക് ഇടമില്ലെന്ന സന്ദേശം പകർന്ന് കേരള ആരോഗ്യ സർവകലാശാല സംസ്ഥാന കലോത്സവമായ ബാൻസുരി 2017ന് തിരശ്ശീല വീണു. വീറും വാശിയും നിറഞ്ഞ മത്സരം ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ 86 പോയേൻറാടെ കണ്ണൂർ ഗവ.ആയുർവേദ കോളജ് കലാകിരീടം നേടി.- 77 പോയൻറ് നേടി ആതിഥേയരായ പരിയാരം ഫാർമസി കോളജാണ് രണ്ടാംസ്ഥാനത്ത്. 75 പോയൻറ് നേടി കോട്ടക്കൽ ആര്യവൈദ്യശാല കോളജ് മൂന്നാം സ്ഥാനത്തെത്തി. പ്രധാനവേദിയായ മേഘമൽഹാറിൽ തിങ്ങിനിറഞ്ഞ സദസ്സിന് ഇശലിെൻറ സൗന്ദര്യം പകർന്ന് ആൺ, പെൺ വിഭാഗം ഒപ്പനയാണ് സമാപന ദിനത്തെ ധന്യമാക്കിയത്. വേദി അഞ്ചിൽ തെരുവു നാടകവും കാഴ്ചയുടെ ഉത്സവം പകർന്നു. മേഘമൽഹാറിൽ നടന്ന സമാപനചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയാണ് കലോത്സവത്തെ ഇത്രകണ്ട് വിജയിപ്പിച്ചതെന്നും വിവിധ ജില്ലകളിൽ നിന്നെത്തിയവർക്ക് കണ്ണൂർ ജില്ലയുടെ സ്‌നേഹവും ആതിഥ്യ മര്യാദയും തിരിച്ചറിയാൻ കലോത്സവം ഒരിക്കൽകൂടി അവസരമൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂർ നിർവഹിച്ചു. കലോത്സവ ലോഗോ ഡിസൈൻ ചെയ്ത ആകാശ് സി.കെ. മാച്ചേരിക്കും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് സംഘാടക സമിതി ഓഫിസ് ഒരുക്കിയ പരിയാരം മെഡിക്കൽ കോളജ് എൻജിനീയറിങ് വിഭാഗത്തിനുമുള്ള പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു. ആരോഗ്യ സർവകലാശാല ഡീൻ ആൻഡ് സ്റ്റുഡൻറ്സ് അഫയേഴ്‌സ് ഡോ. എ.കെ. മനോജ് കുമാർ, പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ ശേഖരൻ മിനിയോടൻ, എം.ഡി കെ. രവി, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ആരോഗ്യ സർവകലാശാല യൂനിയൻ ജനറൽ സെക്രട്ടറി എം.പി. ശ്രുതി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് സിറാജ് സ്വാഗതവും ആരോഗ്യ സർവകലാശാല യൂനിയൻ വൈസ് ചെയർപേഴ്‌സൻ എം. ലക്ഷ്മി നന്ദിയും പറഞ്ഞു.10 വേദികളിൽ മൂന്ന് ദിനരാത്രങ്ങളിലായാണ് കലോത്സവം നടന്നത്. പാതിരാത്രിവരെ നീണ്ട മത്സരങ്ങളിലും നിറഞ്ഞ സദസ്സ് മത്സരാർഥികൾക്ക് പ്രചോദനമാവുക മാത്രമായിരുന്നില്ല, പ്രദേശം കലോത്സവത്തെ ജനകീയ മേളയാക്കിയതിെൻറ ഉദാഹരണം കൂടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.