കണ്ണൂർ: എട്ടാമത് സഹകരണ കോൺഗ്രസിൽ സംസ്ഥാന സഹകരണനയം രൂപവത്കരിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സഹകരണനയം രൂപവത്കരിക്കുന്നതിന് ഏഴംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്്. ഇവർ തയാറാക്കുന്ന കരടുനയം വകുപ്പ് മന്ത്രി കൂടി പരിശോധിച്ചാണ് സഹകരണ കോൺഗ്രസിൽ അവതരിപ്പിക്കുക. സർക്കാറിെൻറ വെബ്സൈറ്റിലും കരടുനയം പ്രസിദ്ധീകരിക്കും. പ്രമുഖ സഹകാരികൾക്കും പകർപ്പ് അയച്ചുകൊടുക്കും. ഇവ സംബന്ധിച്ച് എല്ലാവർക്കും അഭിപ്രായം രേഖപ്പെടുത്താം. ഈ അഭിപ്രായങ്ങളെല്ലാം സഹകരണ കോൺഗ്രസ് ചർച്ച ചെയ്ത് ഭേദഗതിയോടെ രൂപവത്കരിക്കുന്ന നയം കാബിനറ്റിൽ പാസാക്കും. ആദ്യമായാണ് സംസ്ഥാനം സഹകരണനയം രൂപവത്കരിക്കുന്നത്. അത് രാജ്യത്തിനുതന്നെ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരി 10ന് രാവിലെ 10ന് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സഹകരണ കോൺഗ്രസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സൗഹൃദ സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാർ പങ്കെടുക്കും. ഉച്ചക്കുശേഷം സംസ്ഥാന സഹകരണ നയം സംബന്ധിച്ച് കരട് രേഖ അവതരണവും വിശദമായ ചർച്ചയും നടത്തും. രണ്ടാം ദിനത്തിൽ സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളെ ഉയർത്തിപ്പിടിച്ച് വിവിധ വിഷയങ്ങളിൽ 10 സെമിനാറുകൾ സംഘടിപ്പിക്കും. മൂന്നാം ദിനം സഹകരണ മേഖലയെ 10 മേഖലകളായി തിരിച്ച് വിശദമായ ചർച്ച നടത്തും. തുടർന്ന് േക്രാഡീകരിക്കുന്ന വികസന നിർദേശങ്ങൾ പുസ്തക രൂപത്തിലാക്കും. സമാപന ഘോഷയാത്രയിൽ ഒരുലക്ഷം പേർ അണിചേരും. പൊതുസമ്മേളനത്തിൽ ഗവർണറും കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ പങ്കെടുക്കും. 14 ജില്ലകളിൽ നിന്ന് 3000 പ്രതിനിധികൾ പങ്കെടുക്കുന്ന സഹകരണ കോൺഗ്രസ് വിജയിപ്പിക്കുന്നതിന് ഇ.പി. ജയരാജൻ എം.എൽ.എ ചെയർമാനും സഹകരണ ജോ. രജിസ്ട്രാർ കെ.കെ. സുരേഷ് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് പ്രവർത്തിക്കുന്നത്. വാർത്തസമ്മേളനത്തിൽ കോലിയക്കോട് കൃഷ്ണൻ നായർ, കെ.കെ. നാരായണൻ, ജോ. രജിസ്ട്രാർ കെ.കെ. സുരേഷ്, എൻ. ചന്ദ്രൻ, പനോളി വത്സൻ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.