പയ്യന്നൂർ: കരിവെള്ളൂരിലെ സോഷ്യൽ വെൽഫെയർ കോഓപറേറ്റിവ് സൊസൈറ്റിയിലെ മുക്കുപണ്ട പണയതട്ടിപ്പ് കേസിൽ കൂടുതൽ പ്രതികളെ ചേർക്കുന്നതുസംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി. കേസന്വേഷിക്കുന്ന പയ്യന്നൂർ സി.ഐ എം.പി. ആസാദാണ് നിയമോപദേശം തേടിയത്. തട്ടിപ്പുകേസിൽ നേരിട്ട് പങ്കാളികളല്ലാത്തവരെ പ്രതിചേർക്കുന്നതിന് നിയമതടസ്സമുണ്ട്. ഇത് മറികടക്കുന്നതിനാണ് പൊലീസ് ശ്രമം. ചാലക്കുടി സ്വദേശി ചാണ്ടി കുര്യെൻറ അക്കൗണ്ടിലേക്ക് പ്രതിയായ പ്രശാന്തൻ ലക്ഷത്തിലധികം രൂപ ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞ് നിക്ഷേപിച്ചിരുന്നു. എന്നാൽ, സൊസൈറ്റിയിൽ നടന്ന തട്ടിപ്പിൽ ചാണ്ടി കുര്യന് നേരിട്ട് പങ്കാളിത്തമില്ല. അതിനാൽ പ്രതിചേർക്കാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. ചാണ്ടി കുര്യൻ ഉൾപ്പെടെ പരോക്ഷമായി പങ്കുള്ള മൂന്നു പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ചാണ് നിയമോപദേശം തേടി സി.ഐ ഗവൺമെൻറ് പ്ലീഡർക്ക് കത്ത് നൽകിയത്. അതിനിടെ കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണസംഘം രൂപവത്കരിച്ചു. നേരത്തെ കേസന്വേഷിച്ച പയ്യന്നൂർ സി.ഐ എം.പി. ആസാദ് തന്നെയാണ് നേതൃത്വം. പയ്യന്നൂർ എസ്.ഐ കെ.പി. ഷൈൻ, എ.എസ്.ഐ എൻ.കെ. ഗിരീഷ് എന്നിവരടക്കം പത്തംഗ സംഘമാണ് ഇനി കേസന്വേഷണത്തിനുണ്ടാകുക. മൂന്നു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതിനാലും കേസിൽ ഉൾപ്പെട്ടവർ മറ്റു ജില്ലകളിലുള്ളവരായതിനാലും കേസ് ക്രൈംബ്രാഞ്ചിന് വിടുമെന്നാണ് നേരത്തെ കരുതിയിരുന്നത്. ഇപ്പോൾ ഡി.ജി.പിയുടെ നിർദേശമനുസരിച്ച് ജില്ല പൊലീസ് മേധാവിയാണ് വിപുലീകരിച്ച അന്വേഷണസംഘത്തിന് രൂപംനൽകിയത്. സൊസൈറ്റി സെക്രട്ടറി കെ.വി. പ്രദീപെൻറ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. ഇയാളെയും ലൈറ്റ് ആൻഡ് സൗണ്ട് ഉടമ മാണിയാട്ടെ പ്രശാന്തിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.