പാനൂരിൽ ഗെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ വീണ്ടും തടഞ്ഞു

പാനൂർ: നഗരസഭയിലെ തിരുവാൽ ജുമാമസ്ജിദ്- എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രം പരിസരത്ത് നിർമാണപ്രവർത്തനത്തിനെത്തിയ ഗെയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. തുടർന്ന് ഗെയിൽ കൺസ്ട്രക്ഷൻ മാനേജർ പി.ഡി. അനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ചർച്ച നടത്തി. വീടുകൾ, ആരാധനാലയങ്ങൾ, മദ്റസ എന്നിവയെ ബാധിക്കാത്ത വിധത്തിൽ നിർമാണപ്രവൃത്തി നടത്തുമെന്നും രണ്ടു ഘട്ടമായി നഷ്ടപരിഹാരം നൽകുമെന്നും ചർച്ചയിൽ ധാരണയായി. ഒന്നാം ഘട്ടം മരങ്ങൾ, കൃഷി എന്നിവയുടെ നഷ്ടപരിഹാരം നൽകും. പൈപ്പ് ഇടുന്ന മുറക്ക് ഭൂമിയുടെ വിലയും നൽകുമെന്നും ധാരണയായി. ചർച്ചയിൽ നഗരസഭ കൗൺസിലർ വി. ഹാരിസ്, ടി. നാണു, എം. ബൈജു, മൊയിലോള്ളതിൽ നീസ്, മൊട്ടേമ്മൽ നാണു, ക്ഷേത്ര-പള്ളി കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തിരുവാൽ ജുമാമസ്ജിദ്, എലാങ്കോട് ശ്രീകൃഷ്ണക്ഷേത്രം പരിസരത്തുകൂടിയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. കഴിഞ്ഞദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗവും സ്വത്ത് നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.