അജ്ഞാത ജീവി ആടിനെ കടിച്ചുകൊണ്ടുപോയി

ചെറുപുഴ: തിരുമേനി മുതുവത്ത് അജ്ഞാതജീവി വീടിനോട് ചേര്‍ന്നുള്ള ആട്ടിന്‍കൂട്ടില്‍നിന്ന് ആറു കിലോയോളം വരുന്ന ആടിനെ കടിച്ചെടുത്തുകൊണ്ടുപോയി. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ മുതുവത്തെ കൈത്തോട്ടുങ്കല്‍ ബോബിയുടെ വീട്ടിലായിരുന്നു അജ്ഞാതജീവിയുടെ അക്രമം. നാലുമണിയോടെ ബോബി ടാപ്പിങ്ങിനായി വീട്ടില്‍നിന്ന് പോകുമ്പോള്‍ ആലയില്‍ ആടിനെ കണ്ടിരുന്നു. തിരിച്ചെത്തിയപ്പോള്‍ ആടിനെ കെട്ടിയിരുന്ന കയര്‍ പൊട്ടിയതും ആലയില്‍ രക്തം കണ്ടതുമാണ് വന്യമൃഗം ആടിനെ കൊണ്ടുപോയതാണെന്ന് കരുതാനിടയാക്കിയത്. വിവരമറിഞ്ഞ് നാട്ടുകാര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആടി​െൻറ ചോരപുരണ്ട ശരീരാവശിഷ്ടങ്ങളുടെ ചെറിയ ഭാഗങ്ങള്‍ മാത്രമേ കണ്ടെത്തിയുള്ളൂ. ഇതോടൊപ്പം പ്രദേശത്തെ മറ്റൊരു വീട്ടിലെ വളര്‍ത്തുനായ് അതിരാവിലെ പേടിച്ചരണ്ട് വീടിനു സമീപത്തെ കിണറില്‍ വീണതായും നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് ടാപ്പിങ് നടത്തിക്കൊണ്ടിരുന്ന തൊഴിലാളികള്‍ പരിചിതമല്ലാത്ത മൃഗത്തി​െൻറ മുരള്‍ച്ച കേട്ടതായി പറയുന്നുണ്ട്. ഇക്കഴിഞ്ഞ 11ന് ഉച്ചക്ക് മുതുവംപാടി കോളനിയിലെ സ്ത്രീകള്‍ സ്വകാര്യവ്യക്തിയുടെ ആള്‍താമസമില്ലാത്ത പറമ്പില്‍ വിറക് പെറുക്കുന്നതിനിടെ പുലിയോട് രൂപസാദൃശ്യമുള്ള മൃഗത്തെ കണ്ട് ഓടിരക്ഷപ്പെട്ടിരുന്നു. ഇവിടെനിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് ആടിനെ കടിച്ചുകൊണ്ടുപോയ വീട്. മുതുവം റിസർവ് വനമേഖലയോട് ചേര്‍ന്ന പ്രദേശമാണ് മുതുവംപാടി കോളനിയും സമീപ പ്രദേശങ്ങളും. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് ബീറ്റ് ഓഫിസര്‍ സി.പി. രജനീഷ്, തിരുമേനി വില്ലേജ് ഓഫിസര്‍ ടി.വി. രാജന്‍, ചെറുപുഴ സബ് ഇന്‍സ്‌പെക്ടര്‍ പി. സുകുമാരന്‍ എന്നിവരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.