തസ്തികകളായി, ഇനി പയ്യന്നൂർ താലൂക്ക്

പയ്യന്നൂർ: ആറു പതിറ്റാണ്ടി​െൻറ കാത്തിരിപ്പിനൊടുവിൽ പയ്യന്നൂർ താലൂക്ക് യാഥാർഥ്യത്തിലേക്ക്. നേരേത്ത എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ 55 തസ്തികകൾ അനുവദിക്കാൻ തീരുമാനമായതോടെയാണ് താലൂക്ക് യാഥാർഥ്യത്തോടടുത്തത്. മിനി സിവിൽ സ്റ്റേഷനിൽ ഓഫിസ് പ്രവർത്തിക്കാൻ തീരുമാനമാവുന്നതോടെ പയ്യന്നൂർ ഇനി താലൂക്കാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ചൊവ്വാഴ്ച നിയമസഭ മണ്ഡലം വികസന സെമിനാർ ഉദ്ഘാടനംചെയ്യവെ മന്ത്രിസഭ യോഗത്തിൽ തസ്തിക അനുവദിച്ചുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഇത് വെറുംവാക്കായില്ല. തസ്തികയില്ലാത്തതായിരുന്നു പ്രതിബന്ധം. ഇതാണ് പരിഹരിച്ചത്. പയ്യന്നൂരിന് പുറമെ തൃശൂർ കുന്നംകുളവും താലൂക്കാവും. രണ്ട് തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ/ ജൂനിയർ സൂപ്രണ്ട് - ഏഴ്, ഹെഡ് ക്ലർക്ക് ഒന്ന്, സീനിയർ ക്ലർക്ക്, ക്ലർക്ക് 16 വീതം, ഓഫിസ് അറ്റൻഡൻറ് എട്ട്, അറ്റൻഡർ ഒന്ന്, പാർട്ട്ടൈം സ്വീപ്പർ, ഡ്രൈവർ ഒന്നുവീതം, സർേവയർ രണ്ട് എന്നിങ്ങനെയാണ് അനുവദിച്ച തസ്തികകൾ. റവന്യൂ ഇൻസ്പെക്ടർ, ടൈപിസ്റ്റ് എന്നീ തസ്തികകൾ തീരുമാനമായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും ആദ്യം പ്രഖ്യാപിച്ച താലൂക്കുകളിൽ ഒന്നാണ് പയ്യന്നൂർ. 1957ലെ ഇ.എം.എസ് സർക്കാർ നിയോഗിച്ച വെള്ളോടി കമീഷൻ റിപ്പോർട്ടിൽ താലൂക്കിനുവേണ്ടി നിർദേശിച്ചിരുന്നു. ഇതാണ് ആറ് പതിറ്റാണ്ടു പിന്നിടുമ്പോൾ യാഥാർഥ്യമാവുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നിയോഗിച്ച പഠനസംഘവും മുൻഗണന പട്ടികയിൽ നാലാം സ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച 13 താലൂക്കുകളിൽ അപ്രധാനമായ പ്രദേശങ്ങൾക്കുപോലും പരിഗണന കിട്ടിയെങ്കിലും പയ്യന്നൂർ പടിക്കു പുറത്തായി. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഹർത്താൽ ഉൾപ്പെടെ നടന്നുവെങ്കിലും ഫലമുണ്ടായില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പയ്യന്നൂർ റെയിൽവേ മേൽപാലത്തി​െൻറ ഉദ്ഘാടനവേളയിലും ഇരിട്ടി താലൂക്ക് ഉദ്ഘാടന വേളയിലും പയ്യന്നൂർ താലൂക്ക് യാഥാർഥ്യമാവുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും താലൂക്ക് മാത്രമുണ്ടായില്ല. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, കണ്ണൂർ താലൂക്കുകൾ വിഭജിച്ചുകൊണ്ടാണ് പയ്യന്നൂർ താലൂക്ക് വരുന്നത്. നിലവിൽ പുളിങ്ങോം, രാജഗിരി ഭാഗങ്ങളിലുള്ളവർ 70 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് തളിപ്പറമ്പ് താലൂക്കിലെത്തുന്നത്. കടന്നപ്പള്ളി വില്ലേജിലുള്ളവർ തളിപ്പറമ്പ് താലൂക്ക് കടന്ന് 60 കിലോമീറ്റർ സഞ്ചരിച്ച് കണ്ണൂരിലെത്തണമെന്നതാണ് മറ്റൊരു ദുരന്തം. ഇതിനാണ് പരിഹാരമാവുന്നത്. പയ്യന്നൂർ താലൂക്ക് യാഥാർഥ്യമാവുന്നതോടെ റവന്യൂ ടവർ വേണമെന്ന ആവശ്യവും ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.