സുധീഷിന്റെ മരണത്തിനിടയാക്കിയ ലോറി തകർന്ന് മണ്ണിനടിയിലായ നിലയിൽ
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിൽ ചെങ്കൽ ക്വാറിയിൽ വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായത് അപ്രതീക്ഷിത ദുരന്തം. ക്വാറിയിൽ നിർത്തിയിരുന്ന ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിക്കാനിടയായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.
നരവൂർപാറ സ്വദേശി ഞാറ്റുതല ഹൗസിൽ എൻ. സുധീഷാണ് (47) മരിച്ചത്. വലിയ വെളിച്ചത്തോട് ചേർന്ന് പ്രദേശമായ കുമ്പളത്തൊടിയിൽ നിരവധി ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ചെങ്കല്ല് കയറ്റാൻ ലോറിയുമായി ക്വാറിയിലെത്തിയതായിരുന്നു സുധിഷ്. ലോറി നിർത്തി കുറച്ച് അകലെ മാറി വിശ്രമിക്കുകയായിരുന്നു. ഇതിനിടെ ലോറി നിർത്തിയ ഭാഗത്ത് മണ്ണ് ഇടിയുന്നത് കണ്ട് ലോറിയിൽ ഓടിക്കയറി മുന്നോട്ട് എടുക്കുന്നതിനിടെ മണ്ണ് ലോറിക്ക് മുകളിൽ പതിക്കുകയായിരുന്നു.
ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് സുധീഷിനെ പുറത്തെടുത്തത്. കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ലോറി പൂർണമായും തകർന്നു. മണ്ണിടിയുന്നത് കണ്ട് ക്വാറിയിൽ ജോലി ചെയ്യുന്നവർ മാറിയതിനാലാൽ വൻദുരന്തം ഒഴിവായി. കണ്ണവം പൊലീസും കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പവിന കാരായി, വൈസ് പ്രസിഡന്റ് കെ. രഘുത്തമൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.