അയ്യൻകുന്ന് പാലത്തുംകടവ് മേഖലയിൽ കൂട്ടിലായ കടുവ
ഇരിട്ടി: അയ്യൻകുന്ന് പാലത്തുംകടവ് മേഖലയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവയെ വനംവകുപ്പിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ പിടികൂടിയതോടെ ഭീതിക്ക് ശമനം. വ്യാഴാഴ്ച രാത്രിയാണ് പാലത്തുംകടവ് സ്വദേശിനി സരസു പുല്ലാട്ടുകുന്നേലിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന നാല് പശുക്കളെ വന്യജീവി ആക്രമിച്ചു ഭക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ, പശുക്കളെ കെട്ടിയിട്ടിരുന്നതിനാൽ കൊന്നതിനു ശേഷം കൊണ്ടുപോകാൻ കഴിഞ്ഞില്ല. വിവരം ലഭിച്ചയുടൻ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കാൽപ്പാടുകളിൽനിന്നും ആക്രമണരീതിയിൽനിന്നും കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി 11ഓടെ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായി. പിടികൂടിയ കടുവയെ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിദഗ്ധ പരിചരണത്തിനായി കുപ്പാടിയിലുള്ള അനിമൽ ഹോസ്പിസ് സെന്റർ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിലേക്ക് മാറ്റി. തുടർപരിശോധനയിൽ കടുവയുടെ പ്രായം 10 വയസ്സിനടുത്താണെന്നും പല്ലുകൾ നാലും പരിക്ക് പറ്റിയ നിലയിലാണെന്നും കണ്ടെത്തി. കടുവയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർപരിചരണം നൽകിവരുകയാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.