നാലാ​േങ്കരി കയറാൻ കടുത്ത മത്സരം

മട്ടന്നൂര്‍: നഗരസഭയിലെ 35ാം വാര്‍ഡായ നാലാങ്കേരിയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. നഗരസഭയുടെ ഒടുവിലത്തെ വാര്‍ഡായ ഇവിടെ മുസ്ലിം ലീഗിനാണ് സിറ്റിങ് സീറ്റ്. കഴിഞ്ഞതവണ 1,107 വോട്ടര്‍മാരില്‍ 960 പേര്‍ വോട്ട് ചെയ്തു. സി.പി.എമ്മിലെ റഷീദ ലത്തീഫിനെതിരെ 74 വോട്ടി​െൻറ ഭൂരിപക്ഷവുമായാണ് ലീഗിലെ വി. തസ്ലീമ വിജയിച്ചത്. റഷീദ ലത്തീഫിന് 421 വോട്ടും തസ്ലീമക്ക് 495 വോട്ടും ലഭിച്ചപ്പോള്‍ എസ്.ഡി.പി.ഐ 36 വോട്ട് നേടി. ഇത്തവണ ബി.ജെ.പിയും രംഗത്തുണ്ട്. സിറ്റിങ് കൗണ്‍സിലറായിരുന്ന മുസ്ലിം ലീഗിലെ കെ.കെ. കുഞ്ഞമ്മദ് മാസ്റ്ററെ പരാജയപ്പെടുത്തി 2007ല്‍ വിജയിച്ച വി. ഹുസൈന്‍(ഐ.എന്‍.എല്‍), നിലവിലെ കൗണ്‍സിലര്‍ വി. തസ്ലീമയുടെ ഭര്‍ത്താവ് ഇ. ബഷീര്‍ (മുസ്ലിം ലീഗ്), എം.കെ. ദീപേഷ് (ബി.ജെ.പി), പി.സി. ഷംസീര്‍(എസ്.ഡി.പി.ഐ) എന്നിവരാണ് ഇത്തവണ സ്ഥാനാർഥികള്‍. ലീഗിലെ വി.എന്‍. മുഹമ്മദ് വിമതനായി പത്രിക നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു. ഒട്ടേറെ ലീഗ് നേതാക്കള്‍ ആഗ്രഹിച്ച വാര്‍ഡാണ് നിരവധി പ്രാദേശിക പ്രശ്‌നങ്ങളുള്ള നാലാങ്കേരി. 1,231 പേരാണ് വോട്ടര്‍മാര്‍. നാലാങ്കേരി ഇസ്സത്തുല്‍ ഇസ്ലാം മദ്റസയാണ് പോളിങ് സ്റ്റേഷന്‍. കഴിഞ്ഞ തവണ പരമാവധി വികസനങ്ങള്‍ എത്തിച്ചതിനാൽ ഭൂരിപക്ഷം വര്‍ധിപ്പിച്ച് വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഐക്യമുന്നണിയുടെ പ്രതീക്ഷ. എന്നാല്‍, വ്യക്തിപ്രഭാവം ഏറെയുള്ള മുന്‍ കൗണ്‍സിലര്‍ കൂടിയായ ഐ.എന്‍.എല്‍ നേതാവ് വി. ഹുസൈനിലൂടെ വാര്‍ഡ് ഒരിക്കല്‍കൂടി തങ്ങളുടെ കൈകളിലെത്തുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിയും എസ്.ഡി.പി.ഐയും സജീവമായി പ്രചാരണ രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.