തീരില്ലേ ഈ ദുരിത യാത്ര

തൊടുപുഴ: ആനക്കയം റോഡിൽ തെക്കുംഭാഗം കല്ലാനിക്കൽ സ്കൂൾ ജങ്ഷൻ മുതൽ മലങ്കര ഗേറ്റ് വരെ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്നുവർഷം. റോഡ് പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെ പൊതുമരാമത്ത് അധികൃതരെ സമീപിെച്ചങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. സർവിസ് ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണ് തകർന്ന് യാത്രക്കാരുടെ നടുവൊടിക്കുന്നത്. കല്ലാനിക്കൽ സ്കൂളിന് സമീപം റോഡ് തകർന്ന് വൻ കുഴികളായി മാറിയതോടെ ഇതുവഴി ഒരുതരത്തിലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണിത്. ഇതുവഴിയുള്ള കാൽനടപോലും ദുഷ്കരമാണ്. മഴ പെയ്യുന്നതോടെ ചളിക്കുളമാകുന്ന കുഴികൾ അപകടസാധ്യതയും വർധിപ്പിക്കുന്നു. മലങ്കര, ഇഞ്ചിയാനി, അഞ്ചിരി, ആനക്കയം, കാഞ്ഞാർ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയമായ റോഡാണിത്. കാരിക്കോട് മുതൽ കല്ലാനിക്കൽ മഠം പടി വരെയുള്ള റോഡ് അധികൃതർ ഈ വർഷം കുഴിയടച്ച് ഗതാഗത യോഗ്യമാക്കിയിരുന്നു. എന്നാൽ, അതിലും തകർന്ന ഭാഗമാണ് ഒന്നും ചെയ്യാതെ ഇട്ടിരിക്കുന്നത്. കൂടാതെ അഞ്ചിരി കുട്ടപ്പൻകവല മുതൽ ആനക്കയം, കുടയത്തൂർ വരെയുള്ള റോഡും കാഞ്ഞിരമറ്റം-തെക്കുംഭാഗം റോഡും തകർന്ന് കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.