കാര്‍ഷിക–വാണിജ്യ മേഖലകളിലെ ജപ്​തി നിര്‍ത്തിവെക്കണം -എം.പി

തൊടുപുഴ: പ്രകൃതിദുരന്തത്തില്‍ തകര്‍ന്ന ജില്ലയിലെ കാര്‍ഷിക, വാണിജ്യ സാമ്പത്തിക മേഖലകളിലെ പുനരുദ്ധാരണത്തിന് ക്രിയാത്മകമായ സമീപനം ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് ജോയ്‌സ് ജോർജ് എം.പി പറഞ്ഞു. തൊടുപുഴയില്‍ ചേര്‍ന്ന ജില്ലതല ബാങ്കിങ് അവലോകന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക, വാണിജ്യ, ഗാര്‍ഹിക മേഖലകളിലെ റവന്യൂ റിക്കവറി നടപടികള്‍ നിര്‍ത്തിവെക്കുകയും ദുരന്തം അനുഭവിച്ചവരുടെ മാനസികാവസ്ഥ മനസ്സിലാക്കി ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുന്ന വിധം ബാങ്കിങ് മേഖലയുടെ സഹായം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് നല്‍കിയ 10,000 രൂപയില്‍നിന്ന് ബാങ്കിങ് രംഗത്തെ പലയിനത്തിലുള്ള സർവിസ് തുക ഈടാക്കരുതെന്നും എം.പി നിർദേശിച്ചു. തോട്ടം മേഖലയില്‍ കൊള്ളപ്പലിശക്കാരുടെ സാന്നിധ്യം അവസാനിപ്പിക്കാന്‍ ജനങ്ങള്‍ക്ക് സഹായകമാകുന്ന വിധം സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ബാങ്കുകള്‍ ഇറങ്ങിച്ചെല്ലണമെന്നും എം.പി ആവശ്യപ്പെട്ടു. ദുരന്തബാധിത മേഖലകളിലെ ആളുകള്‍ക്ക് ലോണുകളുടെയും മറ്റും അടവുകള്‍ക്ക് സാവകാശം നല്‍കണമെന്നും ജപ്തി മുതലായവ ഇപ്പോള്‍ നടത്തരുതെന്നും അത്തരം നടപടികള്‍ സ്വീകരിക്കുന്ന ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുമെന്നും അധ്യക്ഷത വഹിച്ച കലക്ടർ കെ. ജീവന്‍ ബാബു പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയില്‍നിന്ന് സഹായധനം സ്വരൂപിക്കാന്‍ 17, 18, 22 തീയതികളില്‍ ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായി നടക്കുന്ന പരിപാടിയില്‍ ബാങ്കുകളുടെ പിന്തുണ ആവശ്യമാണെന്ന് കലക്ടര്‍ പറഞ്ഞു. വിദ്യാഭ്യാസ ലോണുകളില്‍ ബാങ്കുകളുടെ കടുംപിടിത്തം മാറ്റണമെന്നും കാര്‍ഷിക മേഖലയിലെ നഷ്ടങ്ങള്‍ കാര്യമായി വിലയിരുത്തേണ്ടതുണ്ടെന്നും ഇന്‍ഷുറന്‍സ് തുക ലഭ്യമാകേണ്ടവര്‍ക്ക് കൃത്യമായും സമയബന്ധിതമായും നല്‍കേണ്ടതാണെന്നും അവലോകന യോഗത്തിൽ കലക്ടർ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലീഡ് ബാങ്ക് മാനേജര്‍ എം.ജി. രാജഗോപാലൻ, യൂനിയൻ ബാങ്ക് റീജനൽ ഹെഡ് വി. പ്രദീപ്, ആർ.ബി.െഎ ലീഡ് ഓഫിസര്‍ സി. ജോസഫ്, നബാര്‍ഡ് ജില്ല ഓഫിസര്‍ അശോക് കുമാര്‍ എന്നിവരും സംസാരിച്ചു. ജില്ലയിലെ ബാങ്കിങ് മേഖലയിലെ ഉദ്യോഗസ്ഥരും വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.