പ്രളയത്തിൽ മുങ്ങി; കൊക്കോ കർഷകരും കണ്ണീരിൽ

അടിമാലി: കുരുമുളക്, ഏലം, ജാതി, വാഴ എന്നിവക്കൊപ്പം കൊക്കോ കൃഷിയും കർഷകനെ കൈവിട്ടു. നിർത്താതെ പെയ്ത കനത്ത മഴ കൊക്കോയെ പ്രതികൂലമായി ബാധിച്ചു. മഴ കാരണം കൊക്കോ കൃഷിയുടെ വിളവ് പൂർണമായി നശിച്ച അവസ്ഥയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉൽപാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി. നല്ല വിളവും വിലയും ലഭിച്ചിരുന്നതിനാൽ മറ്റ് കൃഷിയിലുണ്ടാകുന്ന നഷ്ടം പരിഹരിച്ചിരുന്നത് കൊക്കോ കൃഷിയായിരുന്നു. വർഷത്തിൽ ഏഴുമുതൽ ഒമ്പതുമാസം വരെ തുടർച്ചയായി വിളവ് ലഭിക്കുന്ന കൃഷിയാണ് കൊക്കോ. ഏപ്രിൽ-സെപ്റ്റംബർ ആണ് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്ന സീസൺ. മേയ് അവസാനം മുതൽ ആഗസ്റ്റ് അവസാനം വരെ പെയ്ത കനത്ത മഴകാരണം കൊക്കോ കായ്കൾ മരത്തിൽതന്നെ ചീഞ്ഞ് നശിക്കുകയായിരുന്നു. ഒരു മരത്തിൽ സാധാരണ 100 മുതൽ 200 കായ വരെ പിടിക്കാറുണ്ട്. ഒന്നും അവശേഷിക്കാത്ത അവസ്ഥയാണ് മഴ കഴിഞ്ഞപ്പോൾ. ഈ സമയത്ത് ഉൽപാദനം ഏറ്റവും ഉയർന്ന് നിൽക്കേണ്ടതായിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം വർഷത്തിൽ 20 മുതൽ 25 ശതമാനം വരെ വിളവ് നഷ്ടമാകാറുണ്ടെങ്കിലും ഈ വർഷം മഴ പൂർണമായി കവർന്നു. ഇതോടെ വിപണിയിൽ കൊക്കോ എത്തുന്നില്ല. പൊതുമേഖല സ്ഥാപനമായ കാംകോ, കാഡ്ബറീസ് കമ്പനികളാണ് പ്രധാനമായി കൊക്കോ സംഭരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ കൊക്കോ ഉൽപാദനമുണ്ടെങ്കിലും ജൈവകൃഷിയിൽ ഉയർന്ന ഗുണമേന്മ ലഭിച്ചിരുന്നത് ഇടുക്കിയിലെ കൊക്കോക്കായിരുന്നു. ഇത് രാജ്യാന്തര വിപണിയിലും ഇടുക്കിയെ മുന്നിലെത്തിച്ചിരുന്നു. മറ്റ് കൃഷിക്കൊപ്പം ഇടവിളയായിട്ടാണ് ജില്ലയിൽ കൊക്കോ കൃഷിയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.