ചെറുതോണി: കാലിത്തീറ്റ വിതരണം നിലച്ചതോടെ ക്ഷീരകർഷകർ ദുരിതത്തിൽ. വാത്തിക്കുടി പഞ്ചായത്തിലെ രാജമുടിയിലാണ് 150ലധികം ക്ഷീരകർഷക കുടുംബങ്ങൾ പ്രതിസന്ധിയിലായത്. ജില്ലയിൽ പ്രളയദുരന്തമുണ്ടായ കഴിഞ്ഞ 15 മുതൽ മിൽമ വഴിയുള്ള കാലിത്തീറ്റ വിതരണം നിലച്ചു. രാജമുടിയിൽ ഭൂരിപക്ഷം കുടുംബങ്ങളും കാലിവളർത്തൽ ഉപജീവനമായി െതരഞ്ഞെടുത്തവരാണ്. ഓരോ വീട്ടിലും ശരാശരി ആറുമുതൽ പത്തുവരെ പശുക്കളുണ്ട്. പുല്ല് കിട്ടാനുമില്ല. മിൽമ വഴി വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ വില പാലിൽനിന്ന് ഈടാക്കിയ ശേഷമാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. കാലിത്തീറ്റയുടെ അടിക്കടിയുള്ള വിലവർധനയും ക്ഷീരകർഷകരെ വലക്കുന്നു. 760 രൂപ വിലയുണ്ടായിരുന്ന കാലിത്തീറ്റയുടെ 50 കിലോ പാക്കറ്റിന് ഇപ്പോൾ 1060 രൂപയായി. മിൽമ പാലിെൻറ വിൽപന വില അടിക്കടി വർധിപ്പിക്കുമ്പോഴും ഒരു ലിറ്റർ പാലിന് ഉപഭോക്താവിന് ലഭിക്കുന്നത് 33 രൂപയാണ്. മിക്കവരും സഹകരണ സംഘങ്ങൾ പോലുള്ള ബാങ്കുകളിൽനിന്ന് വായ്പയെടുത്താണ് പശുക്കളെ വാങ്ങിയിരിക്കുന്നത്. കാലിത്തീറ്റ ആവശ്യത്തിന് കിട്ടാതെ വന്നതോടെ ക്ഷീരകർഷകർ പുല്ലുമാത്രം കൊടുത്തുവളർത്തുന്ന പശുക്കൾക്ക് പാല് കുറയുന്നതും പതിവാണ്. ക്ഷീരകർഷകർക്ക് ആവശ്യത്തിന് കാലിത്തീറ്റ എത്തിച്ചുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.