തൊടുപുഴ: തൊടുപുഴ മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് സ്റ്റേഷൻ മാസ്റ്റർ ഓഫിസ് അനുവദിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്ക് സൗകര്യം ഒരുക്കാൻ മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നും കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി. മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ എന്തൊക്കെ അനുവദിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം കൗൺസിലിനാണെന്നും ഏതെങ്കിലും സംഘടനകളുമായി ചർച്ച നടത്തേണ്ടതില്ലെന്നും മുൻ ചെയർമാൻ രാജീവ് പുഷ്പാംഗദൻ പറഞ്ഞു. സ്വകാര്യ ബസ് ഉടമകളും ജീവനക്കാരുമായി ചെയർപേഴ്സൺ വിഷയം ചർച്ചചെയ്യണമെന്ന് ബാബു പരമേശ്വരൻ അഭിപ്രായപ്പെട്ടു. സ്വകാര്യബസ് ഉടമകൾ സ്റ്റാൻഡ് ബഹിഷ്കരിച്ചതിനെ തുടർന്ന് നഗരത്തിലെ ഗതാഗതക്കുരുക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. തൊടുപുഴ മുനിസിപ്പൽ മൈതാനത്തിന് അന്തരിച്ച മുൻ നഗരസഭ ചെയർമാൻ ടി.ജെ. ജോസഫിെൻറ പേര് നൽകണമെന്ന പ്രമേയം യോഗം പാസാക്കി. നഗരത്തിൽ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി ജൂണിന് മുമ്പായി തീർക്കുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ കരാറുകാർ പലരും ജോലി ഏറ്റെടുക്കാൻ മടിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൈപ്പ് സ്ഥാപിച്ചതിെൻറ ഭാഗമായി രൂപപ്പെട്ട കുഴികൾ നികത്തുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. തൊടുപുഴയിലെ ജില്ല ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തണമെന്ന പ്രമേയവും യോഗം പാസാക്കി. നിലവിൽ ജില്ല പഞ്ചായത്തിന് കീഴിലാണ് ആശുപത്രിയുടെ പ്രവർത്തനം. എന്നാൽ, വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ലഭിക്കുന്നില്ല. ജനറൽ ആശുപത്രിയായാൽ നഗരസഭയുടെ പരിധിയിലാവും. കൂടുതൽ ചികിത്സ സൗകര്യം ഏർപ്പെടുത്താൻ നഗരസഭക്ക് കഴിയുമെന്ന് യോഗം വിലയിരുത്തി. പട്ടികജാതി വികസനം മുന്നിൽകണ്ട് 2017--18 വർഷത്തെ ഭൂരഹിത പുരനധിവാസ പദ്ധതി, ഭവന നിർമാണ ധനസഹായ പദ്ധതി, ഭവന പുനരുദ്ധാരണം, അധികമുറി നിർമാണം തുടങ്ങിയവയിലേക്ക് ഗുണഭോക്താക്കളെ കണ്ടെത്താനുള്ള പ്രത്യേക വാർഡ് സഭായോഗം ഏപ്രിൽ എട്ടിന് ഉച്ചക്ക് രണ്ടിന് നഗരസഭ ഓഫിസ് ഹാളിൽ ചേരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.