നെടുങ്കണ്ടം: സമ്പൂർണ വൈദ്യുതീകരണ പദ്ധതി ജില്ലയിലാദ്യമായി വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിൽ. 2.94 കോടി എസ്റ്റിമേറ്റിൽ 73.75 കി.മീ ലോ ടെൻഷൻ ലൈനുകൾ വലിച്ച് 1920 വൈദ്യുതി കണക്ഷനുകളാണ് പദ്ധതിയുടെ ഭാഗമായി ഉടുമ്പൻചോല മണ്ഡലത്തിൽ നൽകിയത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലെ വൈദ്യുതീകരണമാണ് പൂർത്തിയായത്. സംസ്ഥാന സർക്കാറും വൈദ്യുതി ബോർഡും ത്രിതല പഞ്ചായത്തുകളും സംയുക്തമായി നടത്തിയ പരിശ്രമമാണ് കഴിഞ്ഞ നാലു മാസത്തിനിടെ ഈ മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി വിനിയോഗിച്ചു. ബോർഡും ഒരു കോടി മാറ്റിവെച്ചു. ഉടുമ്പൻചോല പഞ്ചായത്ത് ആറു ലക്ഷം, രാജാക്കാട് 10 ലക്ഷം, പാമ്പാടുംപാറ 3.83 ലക്ഷം, രാജകുമാരി 1.69 ലക്ഷം, ശാന്തൻപാറ 2.74 ലക്ഷം രൂപയും ബോർഡിന് നൽകി. മറ്റ് പഞ്ചായത്തുകൾ ഈ സാമ്പത്തിക വർഷം തന്നെ പണം നൽകും. ഉടുമ്പൻചോല മണ്ഡലത്തിലെ സമ്പൂർണ വൈദ്യുതീകരണ പദ്ധതിയുടെ പ്രഖ്യാപനം നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മന്ത്രി എം.എം. മണി നിർവഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാർ അധ്യക്ഷതവഹിച്ചു. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻറുമാരും ചടങ്ങിൽ പങ്കെടുത്തു. വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സി.വി. നന്ദൻ, െഡപ്യൂട്ടി ചീഫ് എൻജിനീയർ രാജൻ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം നിർമല നന്ദകുമാർ, എസ്. ജ്ഞാനസുന്ദരം, പി.എം.എം. ബഷീർ, മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. സുരേഷ്, സി.യു. ജോയി, എം.എസ്. ഷാജി, നൗഷാദ് ആലുംമൂട്ടിൽ, ഷിജി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.