തൊടുപുഴ: ഫല പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ വിജയം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി മുന്നണികൾ. വിജയപ്രതീക്ഷയുള്ള സ്ഥാനാർഥികളാണ് ആഹ്ലാദ പ്രകടനങ്ങൾക്കായി ഒരുക്കം തുടങ്ങിയത്. ഫല പ്രഖ്യാപനം വരുന്നയുടൻ മധുരപലഹാര വിതരണവും നടത്തും. വിജയിക്കുമെന്നുറപ്പുള്ള വാർഡുകളിൽ മധുരപലഹാരങ്ങൾ വൻ തോതിൽ ഓർഡർ ചെയ്തിട്ടുണ്ട്. വിജയാഘോഷം മുന്നിൽക്കണ്ട് പല ബേക്കറികളിലും മധുരപലഹാരങ്ങൾ കൂടുതലായി എത്തിച്ചിട്ടുമുണ്ട്. പതിവുപോലെ ലഡു, ജിലേബി എന്നിവക്കാണ് ഡിമാൻഡ്. ഇവ നേരത്തേതന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. ക്രിസ്മസ് കാലമായതിനാൽ കേക്കും വിതരണം ചെയ്യാമെന്ന ചിന്തയും പ്രവർത്തകർക്കുണ്ട്.
വിജയികളെ ആനയിക്കാൻ തുറന്ന വാഹനങ്ങളും തയാറാക്കി കഴിഞ്ഞു പ്രവർത്തകർ. ആഘോഷം പൊടിപൂരമാക്കാൻ പടക്കങ്ങളുടെ അകമ്പടിയുണ്ടാകും. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾക്ക് നാളെ തിരക്കിന്റെ ദിവസമാണ്. വിജയം ഉറപ്പിച്ച സ്ഥാനാർഥികളിൽ പലരും സൗണ്ട് സിസ്റ്റവും വിജയ ഗാനങ്ങളും തയാറാക്കുന്ന തിരക്കിലായിരുന്നു. ജില്ലയിലെ വിവിധ റിക്കാർഡിങ് സ്റ്റുഡിയോകളിൽ വിജയ ഗാനങ്ങളുടെ റിക്കാർഡിങ്ങും പൂർത്തിയാക്കി.
താളമൊരുക്കാൻ നാസിക് ഡോൾ ടീമുകളും
വിജയികളായ സ്ഥാനാർഥികൾക്കൊപ്പം വാഹനങ്ങളിൽ താളം കൊഴുപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ചെണ്ടമേളക്കാരും നാസിക് ഡോൾ ടീമുകളും. പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന അനൗണ്‍സ്മെന്റുകളും പാരഡി ഗാനങ്ങളുമൊക്കെ നാളെ നഗര, ഗ്രാമ വീഥികളിൽ നിറയും. ഇതു കൂടാതെ കണക്കു കൂട്ടി വിജയമുറപ്പിച്ച സ്ഥാനാർഥികൾ തുറന്ന ജീപ്പുകളും മറ്റും അലങ്കരിച്ച് റെഡിയാക്കിയിട്ടുണ്ട്. സ്ഥാനാർഥിയുമായി വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറയുന്നതിനാണ് ജീപ്പ് സജ്ജമാക്കിയിരിക്കുന്നത്.
പ്രാദേശികതലങ്ങളിൽ നടക്കുന്ന സ്വീകരണത്തിൽ വിജയികളെ അണിയിക്കുന്നതിന് ഷാൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. പല വസ്ത്രശാലകളും ഷാളുകൾ കൂടുതലായി കരുതിയിട്ടുണ്ട്. ഇതിനു പുറമേ പൂമാലകളും ഒരുക്കിയിട്ടുണ്ട്.
വിജയികളെ കയറ്റി നഗരപ്രദക്ഷിണം നടത്താനുള്ള തുറന്ന ജീപ്പിനായുള്ള അന്വേഷണത്തിലായിരുന്നു ചിലർ. ഇത്തരം ജീപ്പുകൾക്ക് ലഭ്യത കുറവായതിനാൽ വലിയ പ്രതിഫലം നൽകാനും ഇവർ തയാറാണ്. പിക്കപ് വാഹനങ്ങളും മിനി ലോറികളുമൊക്കെ നാളെ വിജയാഹ്ലാദ പ്രകടനങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ബൈക്ക് റാലി ഉൾപ്പെടെ വിജയാഘോഷ പരിപാടികൾ നാളെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ നടക്കും.
ആഹ്ലാദ പ്രകടനങ്ങൾ അതിരു കടക്കാതിരിക്കാനും ഗതാഗത തടസ്സമുണ്ടാകാതിരിക്കാനും പൊലീസും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു സമീപം സുരക്ഷക്കായി കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.