തൊടുപുഴ: ജലക്ഷാമം രൂക്ഷമായ ജില്ലയിൽ ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് തീവ്രകർമ പദ്ധതികളുമായി ജില്ല ഭരണകൂടം. മഴവെള്ള സംഭരണികൾ, കിണർ റീചാർജിങ്, മഴക്കുഴികൾ, തടയണകൾ എന്നിവ വഴി മഴവെള്ളം പരമാവധി സംഭരിക്കാനുള്ള പദ്ധതികൾ എന്നിവക്ക് മുൻതൂക്കം നൽകിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ജലവിതരണം മുടങ്ങിയ 572 കുഴൽകിണറുകളും 24 ചെറുകിട കുടിവെള്ള പദ്ധതികളും ഭൂജല വകുപ്പിെൻറ നേതൃത്വത്തിൽ പുനരുദ്ധരിക്കാൻ നടപടി പുരോഗമിക്കുകയാണ്. സ്കൂളുകളിലും മറ്റും വെള്ളമില്ലാതെ കിടക്കുന്ന കുഴൽ കിണറുകൾ പരീക്ഷണാടിസ്ഥാനത്തിൽ റീചാർജ് ചെയ്യാൻ നടപടി എടുത്തതായി ജില്ല ഹൈഡ്രോളജിസ്റ്റ് ഡോ. വി.ബി. വിനയൻ പറഞ്ഞു. ഭൂജലവകുപ്പ് ജില്ലയിൽ പരിശോധന നടത്തിയ 72 കിണറുകളിൽ 51 എണ്ണത്തിൽ ജലനിരപ്പ് താഴ്ന്നതായി കണ്ടെത്തിയിരുന്നു. ഭൂജല വിനിയോഗം 75 ശതമാനം കുറക്കുന്നതിനുള്ള നിർദേശം എല്ലാ വ്യവസായങ്ങൾക്കും നൽകിയതായും കുഴൽ കിണർ നിർമാണത്തിന് നിയന്ത്രണവും ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മേയ് 31വരെയാണ് നിയന്ത്രണം. ഇക്കാലയളവിലെ ദൈനംദിന ഭൂജല ഉപയോഗത്തിെൻറ വിശദാംശങ്ങൾ ഭൂജല വകുപ്പ് ജില്ല ഒാഫിസിൽ അറിയിക്കാനും നിർദേശമുണ്ട്. അണക്കെട്ടുകളുടെ നാടായിട്ടും വേനൽ ചൂടേറുന്നതോടെ കുടിവെള്ളം കിട്ടാക്കനിയാകുന്ന ഗ്രാമങ്ങൾ ജില്ലയുടെ ദുരിതക്കാഴ്ചകളാണ്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് മഴവെള്ള സംഭരണ പദ്ധതികൾ ഇല്ലാത്തതാണ് വേനലിെൻറ തുടക്കത്തിൽ ജില്ല കടുത്ത ജലക്ഷാമത്തിെൻറ പിടിയിൽ അമരാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ ലഭിക്കുന്ന മഴവെള്ളത്തിെൻറ 80 ശതമാനത്തിലധികവും ഒഴുകി കായലിലും കടലിലും പതിക്കുകയാണ്. പൊതുടാപ്പുകളും സർക്കാർ സ്ഥാപനങ്ങളും മറ്റ് പൊതുസ്ഥലങ്ങളിലുമെല്ലാം ഇത്തരത്തിൽ കുടിവെള്ളം പാഴാകുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്യുന്നുണ്ട്. ജലവിതരണ പദ്ധതികളിലെ കാലപ്പഴക്കം ചെന്ന പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നത് ജില്ലയുടെ പല ഭാഗങ്ങളിലും പതിവ് കാഴ്ചയാണ്. ഉപയോഗശൂന്യമായ പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ നടപടിയില്ലാത്തതും ജലവിതരണ പദ്ധതികളുടെ നടത്തിപ്പിലെ അഴിമതിയുമാണ് ഇതിനു കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.