തൊടുപുഴ: ജില്ലയിൽ കഞ്ചാവിെൻറ ഉൽപാദനവും കടത്തും വിപണനവും ഉപയോഗവും തടയാൻ പൊലീസ് കർശന നടപടിക്കൊരുങ്ങുന്നു. കഞ്ചാവ് വിൽപനക്കാർക്കെതിരെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള കേരള ആൻറി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ) ചുമത്തി നടപടിയെടുക്കാനാണ് തീരുമാനം. പൂർണമായി തടയാനായില്ലെങ്കിലും കഞ്ചാവ് വ്യാപനം വലിയതോതിൽ നിയന്ത്രിക്കാൻ നടപടി സഹായിക്കുമെന്നാണ് പൊലീസിെൻറ വിലയിരുത്തൽ. ജില്ലയിൽ ഒാരോ വർഷവും കഞ്ചാവ് കടത്തും വിപണനവും കൂടിവരികയാണ്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക്പോസ്റ്റുകൾ വഴിയും സമാന്തര രഹസ്യ പാതകൾ വഴിയുമാണ് പ്രധാനമായും കടത്ത്. ഒാരോ തവണയും കഞ്ചാവുമായി പിടിയിലാകുന്നവർ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വിൽപനയിലേക്ക് തിരിയുകയാണ്. ആയതിനാൽ, കഞ്ചാവ് പിടികൂടി കേസെടുത്താലും വിൽപന തടയാൻ കഴിയുന്നില്ല. കഴിഞ്ഞവർഷം ജില്ലയിൽ 133.389 കിലോ കഞ്ചാവ് പിടികൂടിയതായാണ് എക്സൈസ് വകുപ്പിെൻറ കണക്ക്. ഇൗവർഷം ജനുവരിയിൽ 661 പരിശോധനകളിലായി 7.059 കിലോ കഞ്ചാവ് പിടികൂടി. 15 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. എന്നിട്ടും ഇതര സംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് കടത്തും വിൽപനയും കൂടിവരികയാണ്. ഇൗ സാഹചര്യത്തിലാണ് കഞ്ചാവ് വിൽപനക്കാർക്കെതിരെ കർശന നപടിക്ക് തുടക്കമിടുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിെൻറ ഭാഗമായി ഒാരോ സ്റ്റേഷൻ പരിധിയിലെയും സ്ഥിരം കഞ്ചാവ് വിൽപനക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കാപ്പ ചുമത്തുന്നതോടെ കഞ്ചാവ് വിൽപനക്കാരെ നാടുകടത്തുകയോ തടങ്കലിൽവെക്കുകയോ ചെയ്യാം. പിടികൂടുന്ന കഞ്ചാവ് ഒരു കിലോയിൽ താഴെയാണെങ്കിൽ ജാമ്യം ലഭിക്കുമെന്നതിനാൽ നിലവിൽ പലരും കുതന്ത്രങ്ങളിലൂടെ അളവ് കുറച്ചുകാണിച്ച് കടുത്ത ശിക്ഷ നടപടിയിൽനിന്ന് രക്ഷപ്പെടുകയാണ്. ഇതിന് തടയിടുകയാണ് പൊലീസിെൻറ ലക്ഷ്യം. 2007ൽ നിലവിൽവരികയും 2014ൽ ഭേദഗതി വരുത്തുകയും ചെയ്ത കാപ്പ നിയമപ്രകാരം അറസ്റ്റിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരുവർഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.