മൂലമറ്റം: വികസനസാധ്യത ഉറപ്പാക്കിയാൽ വിനോദസഞ്ചാര മേഖലയിൽ നിർണായക സംഭാവന നൽകാനാകുന്ന കുളമാവ് നാടുകാണി മേഖല അധികൃതരുടെ അവഗണനയിൽ. തണുത്ത കാലാവസ്ഥയും മഞ്ഞുമൂടിയ അന്തരീക്ഷവും ശാന്തമായ പ്രകൃതിയും ഏതൊരാളെയും നാടുകാണി മേഖലയിലേക്ക് ആകർഷിക്കും. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംകൊണ്ട് കുളമാവിലേക്ക് സഞ്ചാരികൾ എത്താൻ മടിക്കുന്നു. ടൂറിസം സാധ്യതകൾ മുന്നിൽകണ്ട് നിർമിച്ച നാടുകാണി വ്യൂ പോയൻറും പവിലിയനും നാശോന്മുഖമായി. ദിനേന അഞ്ഞൂറിലധികം സന്ദർശകർ എത്തുന്നതും മാസം ഒരുലക്ഷത്തിലധികം രൂപ വരുമാനം ലഭിക്കുന്നതുമായ പവിലിയനാണ് അധികാരികൾ അവഗണിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അധീനതയിലാണ് നാടുകാണിയിലെ ഈ പവിലിയൻ. രണ്ട് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിെൻറ വിവിധ ഭാഗങ്ങളിലെ കോൺക്രീറ്റ് അടർന്ന് കമ്പികൾ തുരുമ്പെടുത്ത അവസ്ഥയിലാണ്. സന്ദർശകർക്ക് വിശ്രമിക്കാനാവശ്യമായ ഇരിപ്പിടംപോലും ഇല്ല. സഞ്ചാരികൾക്ക് ദുരദർശിനി, ഗാർഡൻ, ഐസ്ക്രീം പാർലർ, ലഘുഭക്ഷണശാല തുടങ്ങിയ സൗകര്യങ്ങളുമായി തുടക്കംകുറിച്ച പവിലിയനിൽ നിലവിൽ ഈ സൗകര്യങ്ങൾ ലഭ്യമല്ല. എന്നാൽ, മുഖ്യകവാടത്തിൽ ഇവയെല്ലാം ലഭ്യമാണെന്ന രീതിയിൽ ബോർഡും ഉണ്ട്. ഇവെക്കല്ലാം പുറമെ ഇവിടേക്കുള്ള റോഡും തകർന്ന് കിടക്കുകയാണ്. തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയോരത്തനിന്ന് 200 മീറ്റർ ദൂരേമയുള്ളൂ പവിലിയനിലേക്ക്. മാസങ്ങളായി റോഡ് പൊട്ടിത്തകർന്ന് കിടന്നിട്ടും കെ.എസ്.ഇ.ബി അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ല. സൗകര്യങ്ങൾ ഇല്ലെങ്കിലും സന്ദർശകരിൽനിന്ന് പത്ത് രൂപ നിരക്കിൽ ചാർജ് ഈടാക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ നിരവധി സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയ പ്രദേശമാണ് ഇവിടം. എന്നാൽ, അതിന് വേണ്ട നടപടി വൈദ്യുതി വകുപ്പ് അധികാരികൾ കൈക്കൊള്ളുന്നില്ല. ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ കനേഡിയന്‍ എന്‍ജിനീയര്‍മാര്‍ പണിത കെട്ടിടമാണ് കുളമാവിനടുത്തുള്ള നാടുകാണി പവിലിയന്. കുളമാവിലെ ഉയരം കൂടിയ പാറകളില്‍ ഒന്നിലാണ് പവിലിയന് സ്ഥിതിചെയ്യുന്നത്. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 3000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് നോക്കിയാൽ ഇടുക്കി, എറണാകുളം ജില്ലകളുടെ ഒട്ടുമിക്ക സ്ഥലങ്ങളും കാണാൻ കഴിയും. മലങ്കര ജലാശയത്തിെൻറയും അറക്കുളം, കുടയത്തൂര്‍, മുട്ടം പഞ്ചായത്തുകളുടെയും ആകാശദൃശ്യങ്ങൾ കാണാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.