അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്രദേശങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക ക്ഷാമം. അടിമാലി, വെള്ളത്തൂവല്‍, കത്തിപ്പാറ, പണിക്കന്‍കുടി, മൂന്നാര്‍, രാജാക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളിൽ മൂന്നു മുതല്‍ അഞ്ചു അധ്യാപകരുടെ വരെ കുറവുണ്ട്. താൽക്കാലിക അധ്യാപകരെ കണ്ടെത്താന്‍ പല സ്കൂളിലും അറിയിപ്പ് ഉള്‍പ്പെടെ നല്കി വരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ പ്രതിസന്ധി നേരിട്ടു. എന്നാല്‍, ഇത്തവണ പ്രശ്നം വേഗത്തില്‍ പരിഹരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിെച്ചങ്കിലും നടപടി ഉണ്ടായില്ല. അധ്യാപകരില്ലാത്തത് ഒട്ടേറെ വിദ്യാലയങ്ങളില്‍ അധ്യയന പ്രതിസന്ധിയുണ്ടാക്കും. രണ്ടും മൂന്നും ക്ലാസുകളില്‍ ഒരു അധ്യാപകന് തന്നെ പഠിപ്പിക്കേണ്ട അവസ്ഥപോലുമുണ്ട് ചില വിദ്യാലയങ്ങളില്‍. തല്ക്കാലം ദിവസവേതന വ്യവസ്ഥയില്‍ അധ്യാപകരെ നിയമിക്കാനാണ് അധികൃതരുടെ നിര്‍ദേശം. ആറാം പ്രവൃത്തി ദിവസം കഴിഞ്ഞ് വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആവശ്യമായ അധ്യാപകരുടെ എണ്ണം തിട്ടപ്പെടുത്തി എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന നിയമിക്കാനാണു നടപടി. ഒരു ഒഴിവില്‍ നിയമനത്തിന് ഒമ്പതുപേരെ വീതം വിളിച്ച് അഭിമുഖം നടത്തി വേണം നിയമനം നടത്താന്‍. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം പൂര്‍ത്തിയാകാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും. താൽക്കാലിക അധ്യാപകരെ നിയമിച്ചാല്‍ ഇവര്‍ക്ക് ശമ്പളം ഉള്‍പ്പെടെ നല്‍കേണ്ട ഉത്തരവാദിത്തം പി.ടി.എ കമ്മിറ്റികള്‍ക്കാണ്. മറ്റ് വരുമാനങ്ങളൊന്നും ഇല്ലാത്ത പി.ടി.എ കമ്മിറ്റിയെ ഇത് പ്രതിസന്ധിയിലാക്കും. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും നിയമനം മാത്രം ഇല്ല. പി.എസ്.സി നിയമനം കിട്ടിയവരാണെങ്കില്‍ സ്ഥലം മാറ്റം നേടി പോകുന്നു. സ്ഥിരം അധ്യാപകരില്ലാത്തത് വിദ്യാര്‍ഥികളുടെ പഠനനിലവാരത്തെ ദോഷമായി ബാധിക്കുകയാണ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ പഠനനിലവാരത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ആവശ്യമുണ്ടായിരിക്കെയാണ് അധ്യാപക ഒഴിവുകള്‍ വിഘാതം സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.