തൊടുപുഴ: വായനയോട് ആഭിമുഖ്യം വളർത്താൻ ജില്ലയിൽ പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി ക്ലാസ് മുറികളിൽ ലൈബ്രറി ഒരുങ്ങുന്നു. സർവശിക്ഷ അഭിയാൻ നേതൃത്വത്തിൽ സാഗി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ലാസ് റൂം ലൈബ്രറികൾ. കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്ലാ സർക്കാർ സ്കൂളുകളിലും ക്ലാസ് റൂം ലൈബ്രറികൾ പ്രവർത്തനം തുടങ്ങി. സ്കൂളുകളിൽ ലൈബ്രറികൾ ഉണ്ടെങ്കിലും ഇഷ്ടപുസ്തകങ്ങൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്ന സാഹചര്യമില്ല. മാത്രമല്ല അധ്യാപകരുടെ പൂർണ നിയന്ത്രണത്തിലാകും ഇവ. ഇതിനാൽ അധ്യാപകരുടെ സൗകര്യം കൂടി പരിഗണിച്ചു മാത്രമേ ഇവർക്ക് പുസ്തകങ്ങൾ എടുക്കാനും കഴിയൂ. ഇൗ സ്ഥിതിക്ക് മാറ്റം വരുത്താനാണ് കുട്ടികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിക്കുന്നതിനായി ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജമാക്കുന്നത്. കുട്ടികളെ വിശ്വാസത്തിലെടുത്ത് അവരുടെ സ്വന്തം ഉത്തരവാദിത്തത്തിൽ പുസ്തകങ്ങൾ വായിക്കുന്ന രീതിയാണ് അവലംബിക്കുന്നത്. വായനോത്സവം, ആസ്വാദനക്കളരി, രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തി അമ്മ വായന, കൈയെഴുത്ത് മാസികകൾ തയാറാക്കൽ, കലകളെ നാടക രൂപത്തിലാക്കി കുട്ടികളെക്കൊണ്ട് അവതരിപ്പിക്കൽ എന്നീ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. പരീക്ഷണാർഥത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ കഴിയുമെന്നും എസ്.എസ്.എ ഇടുക്കി ജില്ല പ്രോജക്ട് ഒാഫിസർ ജോർജ് ഇഗ്നേഷ്യസ് പറഞ്ഞു. കൂടാതെ തോട്ടം മേഖലയിെലയും മറ്റും സ്കൂളിലെത്താത്ത കുട്ടികളെ കണ്ടെത്താൻ സർവേ ഉടൻ ആരംഭിക്കും. ഇൗ അധ്യയന വർഷം പരമാവധി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഒൗട്ട് ഒാഫ് സ്കൂൾ ചിൽഡ്രൻ എന്നാണ് ഇൗ സർവേ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം നടത്തിയ സർവേയിലൂടെ 600ഒാളം കുട്ടികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ക്ലാസുകളിൽ എത്തിക്കാൻ കഴിഞ്ഞതായും അധികൃതർ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം അവികസിത പ്രദേശങ്ങളിൽ വിദ്യാർഥികളുടെ ഒത്തുചേരലിനായി 42 പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളും ആരംഭിക്കുമെന്ന് അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.