ചെറുതോണി: ഹൈറേഞ്ചിൽ സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 1808 ആദിവാസികൾ ഇപ്പോഴും അധികൃതരുടെ കനിവുകാത്ത് കഴിയുന്നു. ഏറ്റവും കൂടുതൽ പട്ടികജാതി--വർഗ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ജില്ലയായ ഇടുക്കിയിൽ 15,872 കുടുംബങ്ങളിലായി 71,648 ആദിവാസികളുണ്ട്. ജില്ലയിലെ 302 ആദിവാസിക്കുടികളിലും ഭൂപ്രശ്നം നിലനിൽക്കുന്നുണ്ട്. ഭൂരിപക്ഷം കുടികളിലും കുടിവെള്ളമുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളില്ല. ഭൂമിയില്ലാത്ത ആദിവാസികൾക്കെല്ലാം കുറഞ്ഞത് ഒരേക്കർ വരെ നൽകാൻ നിയമം പാസാക്കിയിരുന്നു. ഇതനുസരിച്ച് മൂന്നാറിൽ 706 ആദിവാസികുടുംബങ്ങൾക്ക് ഒരേക്കർ ഭൂമി നൽകി. മൂന്നാർ ചിന്നക്കനാൽ മേഖലയായ 80 ഏക്കർ, 301 കോളനി, പന്തടിക്കളം, സൂര്യനെല്ലി മേഖലകളിലുള്ള ഭൂരഹിതർക്കാണ് ഒരേക്കർ വീതം നൽകിയത്. ഇടുക്കിയിൽ ഭൂമിപ്രശ്നം ഇല്ലാത്തത് ഇടമലക്കുടിയിൽ മാത്രമാണ്. അഞ്ചുമുതൽ പത്ത് സെൻറിൽവരെ താമസിക്കുന്ന 5422 കുടുംബങ്ങളും 50 സെൻറ് വരെയുള്ള 5342 കുടുംബങ്ങളുമാണ് ഇടുക്കിയിലുള്ളത്. മൂന്നാറിൽ 142 ആദിവാസികുടുംബങ്ങൾക്ക് പട്ടയം നൽകി. ലഭിച്ച പട്ടയവുമായി ഭൂമിയില്ലാതെ ക്ലേശിക്കുകയാണിവർ. ഭൂമിക്കായി ചിന്നക്കനാൽ കുത്തുങ്കൽത്തേരിയിലെ 112 കുടുംബങ്ങളുടെ സമരവും പെരിഞ്ചാംകുട്ടിയിൽനിന്ന് സർക്കാർ കുടിയൊഴിപ്പിച്ച 210 കുടുംബങ്ങളുടെ സമരവും തുടരുകയാണ്. ചിന്നക്കനാലിൽ പട്ടയം ലഭിച്ചിട്ടും ഭൂമിയില്ലാത്ത 19 കുടുംബങ്ങൾ പെരിഞ്ചാംകുട്ടി വനമേഖലയിൽ കുടിൽ കെട്ടി താമസമാക്കി. ഈ സമയം ഭൂമിയില്ലാതെ ജില്ലയിൽ പലഭാഗത്തായി താമസിച്ചിരുന്ന 219 കുടുംബങ്ങളും പെരിഞ്ചാംകുട്ടിയിൽ കുടിൽ കെട്ടി. സർക്കാർ ഇവരെ കുടിയിറക്കി. സ്ത്രീകളടക്കം 98 പേരെ ജയിലിലടച്ചു. 2002ലെ ആദിവാസി പുനരധിവാസ പദ്ധതിയിൽപെടുത്തി ചിന്നക്കനാൽ, പന്തടിക്കളം, സൂര്യനെല്ലി, സിങ്കുകണ്ടം 301 കോളനി, മറയൂർ എന്നിവിടങ്ങളിൽ 2003ൽ ഭൂമി നൽകിയിരുന്നു. എന്നാൽ, കാട്ടാന ആക്രമണത്തെത്തുടർന്ന് ഇവിടെ താമസിക്കാനാകാത്ത സാഹചര്യമുണ്ടായി. ചിന്നക്കനാലിൽ ഭൂമി ലഭിച്ച ഈ ആദിവാസികളാണ് കാട്ടാനശല്യം മൂലം പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽ കുടിൽ കെട്ടി താമസം തുടങ്ങിയത്. ഇവിടെ കൃഷിയും തുടങ്ങി. തന്നാണ്ട് കൃഷി രണ്ടുവർഷം വിളവെടുത്തു. എന്നാൽ, മുന്നറിയിപ്പില്ലാതെ അവരെ കുടിയിറക്കി. കുടിലും കൃഷിയും നശിപ്പിച്ചു. ഇങ്ങനെ കുടിയിറക്കപ്പെട്ടവരാണ് ഇപ്പോഴും കലക്ടറേറ്റിനുമുന്നിൽ സമരം നടത്തുന്നത്. ചിന്നക്കനാലിൽ സ്ഥലം ലഭിച്ചിട്ടും കാട്ടാനശല്യം മൂലം അവിടം വിട്ടുപോന്ന 19 കുടുംബങ്ങൾ ഇപ്പോഴും പെരിഞ്ചാംകുട്ടി തേക്ക് പ്ലാേൻറഷനിൽ കഴിയുകയാണ്. ഇവരെ പുനരധിവസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.