തൊടുപുഴ: കോലാനി ചേരിക്ക് സംരക്ഷണഭിത്തി കെട്ടുന്നതിന് നീക്കിവെച്ച അഞ്ചുലക്ഷം രൂപ വകമാറ്റിയെന്നാരോപിച്ച് കൗൺസിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുന്ന് വാർഡ് കൗൺസിലറുടെ പ്രതിഷേധം. ബജറ്റിൽ കൃത്യമായി നീക്കിവെച്ച തുക പദ്ധതി അംഗീകാരം ലഭിച്ചുവന്നപ്പോൾ എങ്ങനെ ഒഴിവായെന്ന് വ്യക്തമാക്കണമെന്നും ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ചുങ്കം വാർഡ് കൗൺസിലർ സുമമോൾ സ്റ്റീഫൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. അജണ്ട ചർച്ച ചെയ്യുന്നതിനിടെയാണ് ഇവർ ഈ വിഷയം ഉന്നയിച്ചത്. അനുവദിച്ച ഫണ്ട് ഒഴിവാക്കിയത് ഗൗരവമായി കാണണമെന്നും ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഭരണ-പ്രതിപക്ഷ കൗൺസിൽ അംഗങ്ങളും ആവശ്യപ്പെട്ടു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നാല് അംഗൻവാടി നിർമിക്കാൻ നീക്കിെവച്ച ഫണ്ട് അട്ടിമറിക്കാൻ ശ്രമം നടന്നതായി ആരോപണം ഉയർന്നിരുന്നു. എൽ.ഡി.എഫ് അംഗം ആർ. ഹരി ഇതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇതിനു ശേഷം കോളനികൾക്ക് സുരക്ഷഭിത്തി കെട്ടാൻ ലക്ഷ്യമിട്ട് വകയിരുത്തിയിരുന്ന 10 ലക്ഷത്തിെൻറ പദ്ധതി ഉപേക്ഷിക്കാനും അതിൽനിന്ന് ഏഴുലക്ഷം ഒമ്പതാം വാർഡിലെ അംഗൻവാടിക്കും മൂന്നുലക്ഷം രൂപ കീരികോട് വാർഡിലെ വനിത സേവാകേന്ദ്രത്തിനും വിനിയോഗിക്കാനും തീരുമാനിക്കുകയായിരുന്നു. കോലാനി ചേരി അടക്കം കോളനികൾക്ക് വേണ്ടി നീക്കിവെച്ച വിഹിതമാണ് ഇങ്ങനെ വകമാറ്റിയതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിക്കുന്നു. ചിലരുടെ സൗകര്യംപോലെ തുക വകമാറ്റുന്ന പ്രവണത ശരിയല്ലെന്ന് എൽ.ഡി.എഫിലെ രാജീവ് പുഷ്പാംഗദൻ പറഞ്ഞു. ചിലരുടെ മാത്രം താൽപര്യം സംരക്ഷിക്കുന്ന നിലപാടാണ് കൗൺസിലിനുള്ളതെന്ന് ആർ. ഹരി പറഞ്ഞു. എൽ.ഡി.എഫിലെ കെ.കെ. ഷിംനാസ്, കെ.കെ.ആർ. റഷീദ്, പി.വി. ഷിബു, ബിൻസി അലി എന്നിവരും പ്രതിഷേധവുമായി എഴുന്നേറ്റു. പൊതുപദ്ധതികളിലെ ടെൻഡർ സേവിങ്സിൽനിന്ന് പണം ലഭ്യമാകുമെന്നും അത് മുൻഗണനയോടെ കോലാനി ചേരിക്ക് സംരക്ഷണഭിത്തി കെട്ടാൻ അനുവദിക്കാമെന്നും ചെയർപേഴ്സൺ സഫിയ ജബ്ബാർ ഉറപ്പുനൽകിയതോടെയാണ് സുമമോൾ സ്റ്റീഫൻ കുത്തിയിരിപ്പ് അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.