വെള്ളിയാമറ്റം റോഡ് തകര്‍ന്നു; യാത്ര ദുഷ്കരം

തൊടുപുഴ: നൂറുകണക്കിന് വാഹനങ്ങള്‍ ദിനേന സഞ്ചരിക്കുന്ന തൊടുപുഴ-വെള്ളിയാമറ്റം റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്കരമായി. വെള്ളിയാമറ്റം, പൂമാല, പൂച്ചപ്ര, വെട്ടിമറ്റം, ചിലവ് തുടങ്ങിയ മേഖലകളിലേക്കുള്ള ഏകറോഡാണിത്. റോഡ് വികസന പദ്ധതി പരിഗണനയിലുള്ളതിനാല്‍ എല്ലാ വര്‍ഷവും അറ്റകുറ്റപ്പണി മാത്രം നടത്തുന്നതാണ് ഈ വഴിയുടെ ശാപം. കഴിഞ്ഞ വേനലിലും അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴ പെയ്തതോടെ റോഡ് തകര്‍ന്നു. വര്‍ഷങ്ങളായി പറഞ്ഞുകേള്‍ക്കുന്ന റോഡ് വികസന പദ്ധതി ഫയലില്‍ ഉറങ്ങുകയാണ്. കാരിക്കോട് മുതല്‍ മാര്‍ത്തോമ വരെയുള്ള ഭാഗമാണ് ഏറ്റവും മോശം. കുമ്പങ്കല്ല്, വലിയ ജാരം, ഇടവെട്ടി കനാല്‍പാലം, മാര്‍ത്തോമ എന്നിവിടങ്ങളില്‍ റോഡില്‍ വന്‍കുഴികളാണ്. ഇരുപത്തഞ്ചോളം സ്വകാര്യ ബസുകളും മെറ്റല്‍ ക്രഷര്‍ യൂനിറ്റുകളിലെ ടിപ്പര്‍ ലോറികളും നിരന്തരം ഓടുന്ന ഇതുവഴി ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവും സഞ്ചരിക്കുന്നത്. വെള്ളിയാമറ്റം വഴി ഇടുക്കിയിലേക്ക് എളുപ്പവഴികൂടിയാണിത്. റോഡ് വീതി കൂട്ടുന്നതിനും ചിലഭാഗങ്ങളില്‍ ഘടന മാറ്റുന്നതിനുമായി പൊതുമരാമത്ത് വകുപ്പ് കല്ലിട്ടിട്ട് അഞ്ചുവര്‍ഷത്തിലേറെയായി. വീതി കൂടേണ്ട ഭാഗത്ത് ഇതിനുശേഷം പല കെട്ടിടങ്ങളും നിര്‍മിച്ചു. മഴക്കാലത്തിന് മുമ്പ് പൂര്‍ണ ടാറിങ് നടത്തിയില്ളെങ്കില്‍ കാലവര്‍ഷത്തോടെ ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയാതാകും. ഇതിനിടെ തകര്‍ന്ന റോഡിനെ ഒഴിവാക്കി ആലക്കോട് ഭാഗത്ത് ടാറിങ് നടത്തിയത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.