ലഹരി മാഫിയക്കെതിരെ നടപടി ഊര്‍ജിതമാക്കി

അടിമാലി: ലഹരി മാഫിയക്കെതിരെ എക്സൈസും പൊലീസും കര്‍ശന നടപടിയുമായി രംഗത്തിറങ്ങിയതോടെ രണ്ടാഴ്ചക്കിടെ പിടിയിലായത് 45 പേര്‍. 12 ദിവസത്തിനിടെ 38 വ്യാജ ചാരയക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12 കഞ്ചാവ് കേസുകളും നിരോധിത പുകയില ഉല്‍പന്നങ്ങളായ പാന്‍പരാഗ്, ഹാന്‍സ്, തമ്പാക്ക് മുതലായ ഇനത്തില്‍ 98 കേസുകളാണ് എക്സൈസ് വകുപ്പ് എടുത്തത്. പൊലീസിന്‍െറ കണക്ക് ലഭ്യമായില്ല. ഇതുകൂടി കണക്കാക്കിയാല്‍ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ലഹരി മാഫികളുടെ പ്രവര്‍ത്തനമെന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ നെല്‍സണ്‍ പറഞ്ഞു. ചാരായക്കേസുകളില്‍ 45 പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തോട്ടം മേഖലയിലാണ് ചാരായം കൂടുതലായി നിര്‍മിക്കുന്നത്. തമിഴ്നാട്ടില്‍നിന്ന് ചാരായം നിര്‍മിക്കാനാവശ്യമായ വാഷും കോടയും സ്പിരിറ്റും വന്‍തോതില്‍ എത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അവികസിത ഗ്രാമപ്രദേശങ്ങളും വനങ്ങളും കേന്ദ്രീകരിച്ചാണ് ചാരായം വാറ്റുന്നത്. ഇത്തരക്കാര്‍ പലപ്പോഴും പരിശോധനക്കുമുമ്പ് രക്ഷപ്പെടുകയാണ് പതിവ്. പൊന്മുടി, നേര്യമംഗലം, പരിശക്കല്ല്, മാങ്കുളം പഞ്ചായത്തിലെ വിവിധഭാഗങ്ങള്‍ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, കോവിലൂര്‍, ബിയല്‍റാം, ചിന്നക്കനാല്‍, ശാന്തന്‍പാറ, കൊന്നത്തടി എന്നിവിടങ്ങളിലും ചാരായമാഫിയകളുടെ പ്രവര്‍ത്തനം സജീവമാണ്. അടിമാലി, രാജാക്കാട്, പൂപ്പാറ, മുരിക്കാശേരി, നെടുങ്കണ്ടം, പണിക്കന്‍കുടി, പാറത്തോട്, നാരകക്കാനം മുതലായ സ്ഥലങ്ങളിലാണ് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനമുള്ളത്. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ലഹരിവസ്തുക്കള്‍ നല്‍കാന്‍ യുവാക്കളടങ്ങിയ നിരവധി സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. വരും ദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.