തൊടുപുഴയില്‍ വീണ്ടും മോഷണം: സ്കൂള്‍ കുത്തിപ്പൊളിച്ച് 45,000 രൂപ കവര്‍ന്നു

തൊടുപുഴ: സ്കൂളിലെ മുറികള്‍ കുത്തിപ്പൊളിച്ച് നാല്‍പത്തയ്യായിരത്തോളം രൂപ കവര്‍ന്നു. മണക്കാട് പഞ്ചായത്തിലെ വഴിത്തല സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ ഹൈസ്കൂള്‍ വിഭാഗത്തിലാണ് മോഷണം നടന്നത്. തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ പ്രധാനാധ്യാപകന്‍െറ മുറി, ജീവനക്കാരുടെ രണ്ട് മുറികള്‍, ഓഫിസ് മുറി എന്നിവയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. പ്രധാനാധ്യാപകന്‍െറ മുറിയിലെ മേശവലിപ്പില്‍ സൂക്ഷിച്ച 40,000 രൂപ, അര്‍ബുദ ബാധിതരെ സഹായിക്കാന്‍ ധനസമാഹരണത്തിനായി വെച്ചിരുന്ന സംഭാവനപ്പെട്ടിയിലെ രണ്ടായിരത്തിയഞ്ഞൂറോളം രൂപ, ജീവനക്കാരുടെ മുറികളിലുണ്ടായിരുന്ന ചെറിയ തുകകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇതില്‍ 36,000 രൂപ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിറ്റ ഇനത്തില്‍ സര്‍ക്കാറിലേക്ക് അടക്കാനുള്ളതാണ്. നിയന്ത്രണമുള്ളതിനാല്‍ രണ്ടാഴ്ചകളിലായി ബാങ്കില്‍നിന്ന് എടുത്ത് സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. മുറികളിലെ അലമാരകളും മേശകളും കുത്തിത്തുറന്ന നിലയിലും ഫയലുകള്‍ വാരിവലിച്ചിട്ട നിലയിലുമാണ്. ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കൂടുതല്‍ പരിശോധനക്ക് ശേഷമേ വ്യക്തമാകൂ. വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് സ്കൂള്‍ പൂട്ടി പ്രധാനാധ്യാപകന്‍ പോയത്. ശനിയാഴ്ച പി.എസ്.സി പരീക്ഷ നടക്കേണ്ടതിനാല്‍ രാവിലെ അടിച്ചുവാരാനത്തെിയ ജീവനക്കാരിയാണ് മുറികളുടെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്രധാനാധ്യാപകനെയും പൊലീസിനെയും സ്കൂള്‍ മാനേജറെയും അറിയിച്ചു. തൊടുപുഴ സി.ഐ എന്‍.ജി. ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്‍റണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് മോഷണമെന്ന് കരുതുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.