കുമളിയില്‍ കുടിവെള്ളം മുട്ടിക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

കുമളി: ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ കുമളി മേഖലയില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നിലനില്‍ക്കെ വാഹനങ്ങളില്‍ ജലം നല്‍കേണ്ടെന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍െറ നിര്‍ദേശം വ്യാപക പ്രതിഷേധത്തിനിടയാക്കി. കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകളിലേക്ക് പഞ്ചായത്തും ആദിവാസി കോളനികളിലേക്ക് വനംവകുപ്പുമാണ് വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്. ഇത് നിര്‍ത്തിവെക്കാനാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയത്. തേക്കടി തടാകത്തില്‍നിന്നാണ് ജലസേചന വകുപ്പ് ജലം പമ്പ് ചെയ്യുന്നത്. 1000 ലിറ്റര്‍ ജലത്തിന് 60 രൂപ എന്ന നിരക്കില്‍ തുക ഈടാക്കിയാണ് ജലം വില്‍ക്കുന്നത്. ഇങ്ങനെ പണം നല്‍കി വാങ്ങുന്ന ജലമാണ് സര്‍ക്കാര്‍ ആശുപത്രി, കെ.എസ്.ആര്‍.ടി.സി, ഗ്രാമപഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നത്. ജലക്ഷാമം രൂക്ഷമായ ഘട്ടത്തില്‍ തേക്കടിയില്‍നിന്ന് ജലം നല്‍കേണ്ടെന്ന ഉദ്യോഗസ്ഥന്‍െറ ഉത്തരവിന് പിന്നില്‍ സ്വകാര്യ ജലം വില്‍പന കേന്ദ്രങ്ങളെ സഹായിക്കാനാണെന്ന് ആക്ഷേപമുണ്ട്. പഞ്ചായത്ത്-വനം അധികൃതര്‍ ജലവിതരണം നിര്‍ത്തുന്നതോടെ കടുത്ത പ്രതിസന്ധിയിലാകുന്ന ജനം വന്‍ തുക നല്‍കി വേണം സ്വകാര്യ ഏജന്‍സികളില്‍നിന്ന് ജലം വാങ്ങാന്‍. തേക്കടി തടാകത്തില്‍ കുടിവെള്ള വിതരണത്തിനായി ആവശ്യത്തിന് ജലമുള്ളപ്പോഴാണ് ഉദ്യോഗസ്ഥര്‍ സ്വകാര്യ ജല വില്‍പന കേന്ദ്രങ്ങളുമായി ഒത്തുകളിച്ച് നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.