മലയോരമണ്ണില്‍ കൗമാരമേളം

തൊടുപുഴ: 29ാമത് ഇടുക്കി റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിന് ബുധനാഴ്ച തൊടുപുഴയില്‍ തിരിതെളിയും. ജയ്റാണി ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍, സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി. സ്കൂള്‍, തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ എന്നിവിടങ്ങളിലെ എട്ട് വേദികളിലായി നടക്കുന്ന നാലു ദിവസത്തെ മേളയില്‍ ഏഴ് ഉപജില്ലകളില്‍നിന്ന് നാലായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്‍െറ ഒൗപചാരിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് പ്രധാന വേദിയായ ജയ്റാണി സ്കൂളില്‍ നടക്കും. വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, എസ്. രാജേന്ദ്രന്‍, റോഷി അഗസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ല കലാ-കായിക-ശാസ്ത്രമേളകളുടെ ലോഗോ രൂപകല്‍പന ചെയ്തവരെയും അധ്യാപക അവാര്‍ഡ് ജേതാക്കളെയും ആദരിക്കും. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, അറബിക്-സംസ്കൃത കലോത്സവങ്ങള്‍ എന്നീ വിഭാഗങ്ങളിലായി 276 ഇനങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് ഏഴു വരെയാണ് മത്സരങ്ങള്‍. മേളയുടെ നടത്തിപ്പിന് സര്‍ക്കാര്‍ 10,45,000 രൂപ ജില്ലക്ക് അനുവദിച്ചിട്ടുണ്ട്. സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂളിന് സമീപത്തെ പാരിഷ്ഹാളിലാണ് ഭക്ഷണത്തിന് സൗകര്യം. താമസസൗകര്യം ആണ്‍കുട്ടികള്‍ക്ക് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും പെണ്‍കുട്ടികള്‍ക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ്. സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി സ്കൂള്‍ ഗ്രൗണ്ടിലാണ് പാര്‍ക്കിങ് സൗകര്യം. മത്സരാര്‍ഥികളുടെ താമസസ്ഥലങ്ങളും വിധികര്‍ത്താക്കളും പൊലീസിന്‍െറയും വിജിലന്‍സിന്‍െറയും നിരീക്ഷണത്തിലായിരിക്കും. ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് പ്രകൃതിസൗഹൃദ കലോത്സവമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനം ഏഴിന് വൈകീട്ട് അഞ്ചിന് ജയ്റാണി സ്കൂളില്‍ തൊടുപുഴ നഗരസഭ ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.