അടിമാലി: വന്യജീവികള്‍ക്കും പരിസ്ഥിതിക്കും നാശംവിതച്ച് വനമേഖലയില്‍ മാലിന്യംതള്ളല്‍ വ്യാപകം. കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയിലാണ് വനഭൂമിയില്‍ വ്യാപകമായ രീതിയില്‍ മാലിന്യം തള്ളുന്നത്. വേനല്‍ കനത്തതോടെ മാലിന്യത്തില്‍നിന്ന് ഉയരുന്ന രൂക്ഷമായ ഗന്ധംമൂലം ഈ പാതയിലൂടെ കടന്നുപോകുന്നവര്‍ വളരെ ദുരിതം അനുഭവിക്കുകയാണ്. രാത്രിയില്‍ മത്സ്യവും മാംസവും കക്കൂസ് മാലിന്യവും വ്യാപകമായി ഇവിടെ കൊണ്ടുവന്ന് നിക്ഷേപിക്കുന്നുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് പോലും ഇവിടെ മാലിന്യം കൊണ്ടുവന്ന് എത്തിക്കുന്നതായി വിവരമുണ്ട്. ദേശീയപാതയുടെ ഒരുഭാഗം അഗാധ ഗര്‍ത്തമാണ്. ഈ അനുകൂലമായ സാഹചര്യം മുതലെടുത്താണ് മാഫിയ ഇവിടെ മാലിന്യം തള്ളുന്നത്. ഇത് യാത്രക്കാരുടെ ദുരിതത്തിന് പുറമേ വന്യമൃഗങ്ങളുടെ നാശത്തിന് കാരണമായി തീരുകയും ചെയ്യുന്നു. പെരിയാര്‍ പുഴയുടെ ഭാഗമായ ദേവിയാര്‍ പുഴയുടെ കരഭാഗവുമാണ് ഇവിടം. മാലിന്യം വന്‍തോതില്‍ ഇവിടെക്ക് വലിച്ചെറിയപ്പെടുമ്പോള്‍ ഇവ ഒഴുകി ദേവിയാര്‍ പുഴയില്‍ ലയിക്കുകയും പെരിയാര്‍ ഉള്‍പ്പെടെ മാലിന്യവാഹിനിയായി മാറുകയും ചെയ്യുന്നു. ദേശീയപാത സംരക്ഷണത്തിന്‍െറ കാര്യത്തില്‍ വ്യഗ്രത കാണിക്കുന്ന വനംവകുപ്പ് വന്യജീവികളുടെ സംരക്ഷണവും വനത്തിന്‍െറ സുരക്ഷിതത്വവും പരിഗണിക്കുന്നില്ളെന്ന ആക്ഷേപവുമുണ്ട്. മേഖലയില്‍ ധാരാളമായുള്ള വാനരന്മാര്‍ ഇത്തരം മാലിന്യം ഭക്ഷിക്കുന്നതിനാല്‍ ഇവക്ക് വിവിധങ്ങളായ രോഗം പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. വനംവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ ഇവിടെ മാലിന്യം തള്ളുന്നത് ഇല്ലാതാക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.