നെടുങ്കണ്ടം: അതിര്‍ത്തി മേഖലയിലൂടെ നികുതിവെട്ടിച്ച് തമിഴ്നാട്ടിലേക്ക് ഏലം കടത്ത് വ്യാപകം. ഇതോടെ സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്ക്പോസ്റ്റുകളുടെ നിയന്ത്രണത്തിലുള്ള രാജാപ്പാറ, ചതുരംഗപ്പാറ, ബിയല്‍റാം, ചാക്കുളത്തിമേട്, ആനക്കല്ല്, റോസാപ്പൂകണ്ടം പ്രദേശങ്ങളിലെ സമാന്തര പാതകളിലൂടെ തലച്ചുമടായും കഴുതപ്പുറത്തും വാഹനങ്ങളിലുമായി ദിനംപ്രതി 5000 മുതല്‍ 10,000 കിലോവരെ ഏലക്കയാണ് കടത്തുന്നത്. തമിഴ്നാട്ടില്‍ ഏലക്കാക്ക് വിലവര്‍ധിച്ചതോടെയാണ് കള്ളക്കടത്ത് കൂടിയത്. ചില ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് ഏലക്ക കടത്തുന്നതെന്ന് ആക്ഷേപവുമുണ്ട്. നോട്ട് പ്രതിസന്ധി മൂലം ലേല കേന്ദ്രങ്ങളില്‍ സാമ്പത്തിക ക്രയവിക്രയം നടക്കാത്തതുമൂലം വ്യാപാരികള്‍ കൈവിലയായി കര്‍ഷകര്‍ക്ക് മാര്‍ക്കറ്റ് വിലയേക്കാള്‍ 30 മുതല്‍ 40 രൂപ വരെ കിലോക്ക് കമീഷന്‍ നല്‍കി ഏലക്ക ശേഖരിച്ച് കള്ളക്കടത്തുകാരെ ഏല്‍പിക്കുന്ന സ്ഥിതിയാണ്. കള്ളക്കടത്ത് തടയണമെന്ന് ചില ഉദ്യോഗസ്ഥര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ മറ്റ് ചില ഉദ്യോഗസ്ഥര്‍ ഇതിനെ അട്ടിമറിക്കുന്നതായും ആരോപണമുണ്ട്. ചെക്ക്പോസ്റ്റുകളില്‍ 24 മണിക്കൂര്‍ സ്ക്വാഡ് ഉണ്ടെങ്കിലും ചില ഉദ്യോഗസ്ഥരും കള്ളക്കടത്ത് ലോബികളും തമ്മിലുള്ള രഹസ്യധാരണയില്‍ സമാന്തരപാതകളിലൂടെ കള്ളക്കടത്ത് വ്യാപകമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥലംവാങ്ങുകയും വന്‍ ലോബികളെ സൃഷ്ടിച്ച് രഹസ്യധാരണയിലും കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും ഏലക്ക കള്ളക്കടത്ത് നടത്തുന്നുണ്ട്. കള്ളക്കടത്ത് സംഘങ്ങള്‍ തഴച്ചുവളര്‍ന്ന് ഗുണ്ട-മാഫിയ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. വാണിജ്യ നികുതി ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെക്ക്പോസ്റ്റിലെ ബാരിക്കേഡുകള്‍ ഇടിച്ചുതെറിപ്പിച്ച് കള്ളക്കടത്തുനടത്തിയ സംഭവങ്ങളും ആഴ്ചകള്‍ക്ക് മുമ്പ് കമ്പംമെട്ടില്‍ നടന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇവരെ അറിയാമെങ്കിലും പ്രതികള്‍ക്കെതിരെ കേസ് എടുക്കാനോ പിഴ ഈടാക്കാനോ നടപടി സ്വീകരിച്ചിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് തടയുന്നതിന് സ്ക്വാഡുകള്‍ കാര്യക്ഷമമാക്കി ആനക്കാട്ടിലും മറ്റ് ദുര്‍ഘട പ്രദേശങ്ങളിലും ജോലിചെയ്യുന്നുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമല്ല. കൂടുതല്‍ വാഹനങ്ങള്‍ അനുവദിച്ചും കാര്യക്ഷമതയുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ വിവിധ പ്രദേശങ്ങളില്‍ നിയമിച്ചും കള്ളക്കടത്ത് തടഞ്ഞില്ളെങ്കില്‍ സര്‍ക്കാറിന് കോടിക്കണക്കിന് രൂപ പ്രതിമാസം നഷ്ടമാകും. ഈ ലോബികളാണ് ഇറച്ചിക്കോഴി, കുരുമുളക് തുടങ്ങി മറ്റ് ഉല്‍പന്നങ്ങളുടെയും കള്ളക്കടത്തുകള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.