ജില്ല പഞ്ചായത്ത് പ്രസിഡന്റായി ഷീല സ്റ്റീഫന്‍ വരണാധികാരി കലക്ടര്‍ ഡോ. ദിനേശന്
ചെറുവാട്ട് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നു
തൊടുപുഴ: ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ല പഞ്ചായത്തുകളിൽ സാരഥികളെത്തിയതോടെ ഇവരുടെ കരങ്ങളിൽ ഇനി ഭരണചക്രം തിരിയും. വെള്ളിയാഴ്ച കട്ടപ്പന, തൊടുപുഴ നഗരസഭകളിലെ അധ്യക്ഷ-ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. ഇരു നഗരസഭകളുടെയും ഭരണസാരഥ്യം കോൺഗ്രസിനാണ്. ശനിയാഴ്ച ജില്ല പഞ്ചായത്ത്, എട്ട് ബ്ലോക്ക് പഞ്ചാത്തുകൾ, 52 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പുതിയ നേതൃത്വം ചുമതല ഏറ്റെടുത്തത്.
ജില്ലയിൽ 52 ഗ്രാമപഞ്ചായത്തുകളിൽ 36 ഇടത്ത് യു.ഡി.എഫാണ് ഭരണത്തിൽ. എൽ.ഡി.എഫിന് 16 പഞ്ചായത്തുകളും ലഭിച്ചു. അനിശ്ചിതത്വം നിലനിന്ന നാല് പഞ്ചായത്തിൽ നറുക്കെടുപ്പ് നടന്നപ്പോൾ മൂന്നിടത്ത് എൽ.ഡി.എഫ് ഭരണത്തിലെത്തി. മണക്കാട്, കൊക്കയാർ, രാജകുമാരി, പള്ളിവാസൽ എന്നിവിടങ്ങളിലാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ മണക്കാട്, കൊക്കയാർ, രാജകുമാരി എന്നിവിടങ്ങളിൽ എൽ.ഡി.എഫും പള്ളിവാസലിൽ യു.ഡി.എഫും ഭരണം കൈയാളി.
തൊടുപുഴ: എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിലും പ്രസിഡന്റ് പദവി കോൺഗ്രസിന്. കേരള കോൺഗ്രസ്, സി.പി.ഐ എന്നീ പാർട്ടികള്‍ക്ക് ഒന്നുവീതം പ്രസിഡന്റ് പദവി ലഭിച്ചു. ഏഴിടത്തും വിജയിച്ചത് യു.ഡി.എഫായാണ്. എൽ.ഡി.എഫ് വിജയിച്ച ഏക ബ്ലോക്കായ ദേവികുളത്ത് പ്രസിഡന്റ് സ്ഥാനം സി.പി.ഐക്കാണ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കേരള കോൺഗ്രസ് ഭരിക്കും.
അടിമാലി, കട്ടപ്പന, അഴുത, നെടുങ്കണ്ടം, ഇടുക്കി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകളിലാണ് കോൺഗ്രസിന് അധ്യക്ഷ സ്ഥാനം ലഭിച്ചു. തൊടുപുഴ നഗരസഭയിൽ മുസ്‌ലിം ലീഗിനും കട്ടപ്പന നഗരസഭയിൽ കോൺഗ്രസിനും അധ്യക്ഷ പദവി ലഭിച്ചു.
52 പഞ്ചായത്തുകളിൽ 30 എണ്ണത്തിലും പ്രസിഡന്റ് പദവി കോൺഗ്രസിനാണ് ലഭിച്ചത്. 14 പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് ലഭിച്ചു. കേരള കോൺഗ്രസിന് നാല് പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
കേരള കോൺഗ്രസ് (എം), മുസ്‌ലിം ലീഗ്, സി.പി.ഐ എന്നിവർക്ക് ഓരോ പഞ്ചായത്ത് വീതം പ്രസിഡന്റ് പദവി ലഭിച്ചു. സി.പി.എമ്മിന് ലഭിച്ച പ്രസിഡന്റ് പദവികളിൽ മൂന്നെണ്ണം നറുക്കെടുപ്പിലൂടെ ലഭിച്ചതാണ്. രാജകുമാരി, കൊക്കയാർ, മണക്കാട് എന്നിവിടങ്ങളിലാണ് സി.പി.എം നറുക്കെടുപ്പിലൂടെ അധ്യക്ഷ സ്ഥാനം നേടിയത്. പള്ളിവാസലിൽ കോൺഗ്രസ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ് പദവി നേടി.
മൂന്നാർ, മാങ്കുളം, വെള്ളത്തൂവൽ, അടിമാലി, മറയൂർ, പള്ളിവാസൽ, വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി, രാജാക്കാട്, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ, കുമളി, ചക്കുപള്ളം, വണ്ടന്മേട്, കുടയത്തൂർ, വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ, ആലക്കോട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കാമാക്ഷി, പെരുവന്താനം, പീരുമേട്, ഏലപ്പാറ എന്നിവിടങ്ങളിൽ പ്രസിഡന്റ് പദവി കോൺഗ്രസിന് ലഭിച്ചു.
കോടിക്കുളം, കരിമണ്ണൂർ, കുമാരമംഗലം, കരിങ്കുന്നം, പുറപ്പുഴ എന്നിവിടങ്ങളിൽ കേരള കോൺഗ്രസിന് പ്രസിഡന്റ് പദവി ലഭിച്ചു. ഇടവെട്ടി പഞ്ചായത്തിലാണ് മുസ്‌ലിം ലീഗിന് പ്രസിഡന്റ് പദവി ലഭിച്ചത്. വടവട, ഇടമലക്കുടി, കാന്തല്ലൂർ, രാജകുമാരി, സേനാപതി, ശാന്തൻപാറ, ചിന്നക്കനാൽ, ഉപ്പുതറ, മുട്ടം, മണക്കാട്, ഉടുമ്പൻചോല, കരുണാപുരം, കൊക്കയാർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സി.പി.എമ്മിന് പഞ്ചായത്ത് പ്രസിഡന്‍റ് പദവി ലഭിച്ചപ്പോൾ സി.പി.ഐക്ക് ദേവികുളം ലഭിച്ചു. ബൈസൻവാലിയാണ് കേരള കോൺഗ്രസ് എമ്മിന് പ്രസിഡന്റ് പദവി ലഭിച്ച പഞ്ചായത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.