പ്രതീകാത്മക ചിത്രം

അപകട നിരത്ത്; 11 മാസം പൊലിഞ്ഞത് 105 ജീവൻ

തൊടുപുഴ: ജില്ലയിൽ ഓരോ വർഷവും വാഹനാപകടങ്ങളിൽ പൊലിയുന്നത് നൂറുകണക്കിന് ജീവൻ. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ ഈ വർഷം ജനുവരി ഒന്നുമുതൽ നവംബര്‍ 30വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 1043 അപകടങ്ങളുണ്ടായി. 105 പേര്‍ക്ക് അപകടങ്ങളില്‍ ജീവൻ നഷ്‍ടമായി. 96 അപകടങ്ങളിൽനിന്നാണ് ഇത്രയും പേർ മരിച്ചത്.

ശരാശരി ഒരുമാസം പത്തോളം പേര്‍ അപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 775 അപകടങ്ങളിൽ 974 പേർക്ക് സാരമായി പരിക്കേറ്റു. 614 പേർക്ക് നിസ്സാര പരിക്കുകളും. 1066 പേർ പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. 2024ൽ ആകെ നടന്ന അപകടങ്ങൾ 1202 ആയിരുന്നു. 99 പേർക്കാണ് ജീവൻ നഷ്‍ടമായത്.

ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കൂടുതൽ മരണം, 17 വീതം. കുറവ് മാർച്ചിൽ, നാലുപേർ. സെപ്റ്റംബറില്‍ 15 പേരും ഒക്‍ടോബര്‍, നവംബര്‍, ജൂണ്‍ മാസങ്ങളില്‍ ഒമ്പതുപേര്‍ വീതവും മരിച്ചു. ഏപ്രിൽ എട്ട്, മേയ്, ജൂലൈ ആറുവീതം, ആഗസ്റ്റ് അഞ്ച് എന്നിങ്ങനെയാണ് മറ്റ് മാസങ്ങളില്‍ മരിച്ചവരുടെ എണ്ണം.

കൂടുതല്‍ അപകടം നടന്നത് സെപ്റ്റംബറിലാണ്, 116. ആഗസ്റ്റില്‍ 112 അപകടങ്ങളും നടന്നു. കുറവ് ജൂണിലും 56. ജനുവരി 96, ഫെബ്രുവരി 100, മാര്‍ച്ച് 98, ഏപ്രില്‍ 104, മേയ് 98, ജൂലൈ 83, ഒക്‍ടോബര്‍ 87, നവംബര്‍ 93 വീതവുമായിരുന്നു അപകടങ്ങള്‍. മരിച്ചവരടക്കം ജില്ലയിലുണ്ടായ അപകടങ്ങളിൽ ഉൾപ്പെട്ടത് 2759 പേരാണ്. രണ്ട് മൃഗങ്ങള്‍ക്കും പരിക്കേറ്റു.

അശ്രദ്ധയും പരിചയക്കുറവും

ജില്ലയുടെ ഭൂപ്രകൃതിയോടുള്ള പരിചയക്കുറവും അശ്രദ്ധയും അമിത വേഗവുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ജില്ലക്ക് പുറത്തുനിന്ന് എത്തുന്ന യാത്രക്കാരാണ് കൂടുതലും അപകടങ്ങളിൽപെടുന്നതും മരിക്കുന്നതും. വളവുകളും തിരിവുകളും നിറഞ്ഞതാണ് ജില്ലയിലെ ഭൂരിഭാഗം റോഡുകളും. മതിയായ വിശ്രമം ഇല്ലാതെ ഡ്രൈവിങ്, ലഹരി ഉപയോഗം, രാത്രി ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിങ്ങിനിടയിൽ ഫോൺ ഉപയോഗം തുടങ്ങിയവയും അപകടങ്ങൾക്കുള്ള കാരണങ്ങളാണ്.

ശരാശരി ഒരു മാസം ചെറുതും വലുതുമായ അമ്പതോളം റോഡപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. ഇതിൽ പത്തോളം പേർ ഒരു മാസം മരണപ്പെടുന്നു. വാഹനമോടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരുംവരെ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.

ഇരുചക്ര വാഹനയാത്രികർക്കാണ് പലപ്പോഴും അപകടങ്ങളിൽ ഗുരുതര പരിക്കേറ്റിട്ടുള്ളത്. അതേസമയം, നിയമലംഘനങ്ങൾ കൃത്യമായി പിടികൂടുന്നതിനാൽ മുമ്പുണ്ടായിരുന്നതിനെക്കാൾ ജാഗ്രത കൂടുതൽ വാഹനമോടിക്കുന്നവരും വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും പുലർത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Hundreds of lives are lost in traffic accidents in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.