ഇടുക്കി: വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന സ്ത്രീ അധ്വാനത്തെ തൊഴിൽ മേഖലയുടെ മുൻനിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീയുടെ ഉയരെ കാമ്പയിൻ ജില്ലയിൽ സജീവമാകുന്നു. 203ഓടെ കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഉയരെ-ഉയരട്ടെ കേരളം; വളരട്ടെ പങ്കാളിത്തം’ എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. പരിശീലനം മൂന്ന് ഘട്ടങ്ങളിലായി ജില്ലയുടെ ഭൂപ്രകൃതിയും സി.ഡി.എസുകളുടെ എണ്ണവും പരിഗണിച്ച് മൂന്ന് ക്ലസ്റ്ററുകളിലായിട്ടാണ് സംഘടിപ്പിച്ചത്.
രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ നീണ്ടുനിന്ന തീവ്രപരിശീലന പരിപാടികളാണ് ഓരോ കേന്ദ്രത്തിലും നടന്നത്. വാഴവര ആശ്രമം ട്രെയിനിങ് കോളജിൽ നടന്ന പരിശീലനത്തിൽ കട്ടപ്പന ഒന്ന്,രണ്ട്, വണ്ടൻമേട്, ഇരട്ടയാർ, കാഞ്ചിയാർ, പീരുമേട്, കുമിളി ഉൾപ്പെടെയുള്ള 20 സി.ഡി.എസുകൾ പങ്കെടുത്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ അടിമാലി, കൊന്നത്തടി, മൂന്നാർ, ദേവികുളം, രാജാക്കാട് ഉൾപ്പെടെയുള്ള 13 സി.ഡി.എസുകൾ പങ്കാളികളായി.
തൊടുപുഴ ടൗൺ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമാപന പരിശീലനത്തിൽ തൊടുപുഴ, ഇടവെട്ടി, മുട്ടം, ആലക്കോട് ഉൾപ്പെടെയുള്ള 11 സി.ഡി.എസുകൾ പങ്കെടുത്തു. ഓരോ സി.ഡി.എസിൽ നിന്നും ഒരു കമ്യൂണിറ്റി കൗൺസിലർ, രണ്ട് റിസോഴ്സ്പേഴ്സൺമാർ (അല്ലെങ്കിൽ കമ്യൂണിറ്റി കൗൺസിലർമാർ), കൂടാതെ ഓരോ സി.ഡി.എസിനും പ്രത്യേകമായി ഒരു എസ്.ജി അനിമേറ്റർ എന്നിങ്ങനെ കൃത്യമായ അനുപാതത്തിലാണ് അംഗങ്ങളെ പങ്കെടുപ്പിച്ചത്. ഇതിനുപുറമെ ബ്ലോക്ക് കോഓഡിനേറ്റർമാർ, സ്നേഹിത ജീവനക്കാർ, മൈ സി.ഡി.എസ് ചുമതലയുള്ള ജില്ലാ മിഷൻ സ്റ്റാഫ് എന്നിവരും പരിശീലനത്തിന്റെ ഭാഗമായി.
ജനുവരി ഒന്ന് മുതൽ ജില്ലയിലെ മുഴുവൻ അയൽക്കൂട്ടങ്ങളിലും ഈ കാമ്പയിന്റെ സന്ദേശമെത്തും. ലിംഗനീതി, സുരക്ഷിത തൊഴിലിടങ്ങൾ, സ്ത്രീ സംരംഭകത്വം തുടങ്ങി അഞ്ച് പ്രധാന വിഷയങ്ങളിലൂന്നിയ മൊഡ്യൂളുകളാണ് പരിശീലനത്തിൽ ചർച്ച ചെയ്തത്. ജില്ലാ മിഷൻ കോഓഡിനേറ്റർ എ. മണികണ്ഠൻ, അസി. ജില്ലാ മിഷൻ കോഓഡിനേറ്റർ സി. ശിവൻ, ഡി.പി.എം സൗമ്യ ഐ.എസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയിലൂടെ സാമൂഹികമായ വലിയൊരു മാറ്റമാണ് പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.