മുട്ടുകാട് കൊങ്ങിണിസിറ്റിയില്‍ കാട്ടാന ശല്യം രൂക്ഷം; ഏക്കര്‍ കണക്കിനു കൃഷി നശിപ്പിച്ചു

രാജാക്കാട്: ബൈസണ്‍വാലി പഞ്ചായത്തിലെ മുട്ടുകാട് കൊങ്ങിണിസിറ്റിയില്‍ കാട്ടാന വിളയാട്ടം. രണ്ടുദിവസമായി പ്രദേശത്തെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാന വ്യാപകമായി കൃഷിവിളകള്‍ നശിപ്പിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ ഓടി രക്ഷപ്പെടുന്നതിനിടെ പ്രദേശവാസിയുടെ കാലിനു പരിക്കേറ്റു. നാലോളം കാട്ടാനയാണ് കൊങ്ങിണിസിറ്റി മേഖലയില്‍ തമ്പടിച്ചിരിക്കുന്നത്. കാട്ടാനകള്‍ കൃഷിയിടത്തില്‍ മേച്ചില്‍ നടത്തിയതോടെ ഏക്കര്‍ കണക്കിനു കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. കാട്ടാനയെ ഓടിക്കാന്‍ നാട്ടുകാര്‍ നടത്തിയ പരിശ്രമത്തിനിടെ പ്രദേശവാസിയായ ചന്ദ്രന് പരിക്കേറ്റത്. തിരിഞ്ഞുനിന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്ന ആനയില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടയാണ് ചന്ദ്രന് പരിക്കേറ്റത്. നാട്ടുകാര്‍ രാത്രിയില്‍ ഉറക്കമില്ലാതെ കൃഷിയിടത്തില്‍ തീയിട്ടും മറ്റുമായി ആനയെ ഓടിക്കുന്നതിനു പരിശ്രമിച്ചിട്ടും വനപാലകര്‍ ആനയെ കാട്ടില്‍ കയറ്റിവിടുന്നതിനുവേണ്ട നടപടി സ്വീകരിച്ചില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉന്നത അധികാരികള്‍ക്കടക്കം നാട്ടുകാര്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചക്കുശേഷം വനപാലകരത്തെി മണിക്കൂറുകള്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശ്രമത്തിനൊടുവില്‍ കാട്ടാനക്കൂട്ടത്തെ കാട്ടില്‍ കയറ്റിവിട്ടു. എന്നാല്‍, വനമേഖലകളില്‍ തീറ്റയും വെള്ളവുമില്ലാത്തതിനാല്‍ കാട്ടാനകള്‍ വീണ്ടും ഇവിടേക്ക് എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. ഫെന്‍സിങ് അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.