മാ​ലി​ന്യം കൈ​ത്തോ​ട്ടി​ലേ​ക്കും പെ​രി​യാ​റ്റി​ലേ​ക്കും എ​റി​യു​ന്നു: ജി​ല്ല ആ​സ്​​ഥാ​ന​ത്ത്​ മാ​ലി​ന്യ​നീ​ക്കം അ​വ​താ​ള​ത്തി​ൽ

ചെറുതോണി: ജില്ല ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ അധികൃതരുടെ പിടിപ്പുകേട് മൂലം മാലിന്യനീക്കം അവതാളത്തിൽ. സഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ ദിവസേന വന്നുപോകുന്ന ചെറുതോണി ടൗണിലും പരിസരങ്ങളിലും മാലിന്യം യഥാസമയം നീക്കുന്നില്ല. ചെറുതോണി ടൗൺ ശുചിയാക്കാൻ 15 വർഷമായി അഞ്ച് സ്ത്രീകളെ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) നിയമിച്ചിട്ടുണ്ട്. ശമ്പളം കുടുംബശ്രീ മിഷൻ വഴിയാണ് നൽകുന്നത്. ഇവരുടെ ജോലി ക്രമീകരിക്കേണ്ടത് പഞ്ചായത്താണ്. എന്നാൽ, പഞ്ചായത്ത് ഭരണ സമിതിയും ചുമതലപ്പെട്ട സെക്രട്ടറിയും ഇതേപ്പറ്റി അന്വേഷിക്കാറില്ലെന്നാണ് ആരോപണം. ഒരാൾക്ക് 6000 രൂപയാണ് ശമ്പളം. കടകളിൽനിന്ന് ഇവർ പണം വാങ്ങുന്നുണ്ട്. തുടക്കത്തിൽ ഇവർക്ക് യൂനിഫോം, പണിയായുധങ്ങൾ എന്നിവ നൽകിയിരുന്നു. വിശ്രമിക്കാനും മറ്റുമായി ജില്ല പഞ്ചായത്ത് നിർമിച്ച ചെക്ഡാമിന് സമീപം മുറിയും അനുവദിച്ചു. ഇവർ ജോലിക്കായി എത്തുമ്പോൾ ഹാജർ രേഖപ്പെടുത്തണമെന്ന നിർദേശം നടപ്പായിട്ടില്ല. ടൗൺ എല്ലാ ദിവസവും ശുചിയാക്കണമെന്നാണ് വ്യവസ്ഥയെങ്കിലും ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും ഇവർ എത്താറില്ല. ഇപ്പോൾ മാസത്തിൽ 15 ദിവസംപോലും ജോലിക്കെത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇവർക്ക് നൽകിയ ഉപകരണങ്ങളും ഇപ്പോൾ കാണാനില്ല. ടൗണിൽനിന്ന് നീക്കംചെയ്യാത്തതിനാൽ പലരും മാലിന്യം കൈത്തോട്ടിലേക്കും പെരിയാറ്റിലേക്കും എറിയുകയാണ്. ടൗണിൽ അടിമാലി റോഡിലേക്ക് തിരിയുന്ന സ്ഥലത്തെ പാലത്തിൽനിന്ന് പച്ചക്കറി, പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നതുമൂലം ടൗണിലൂടെ മുക്കുപൊത്തിയേ കടന്നുപോകാനാകൂ. ആയിരക്കണക്കിനാളുകൾ കുളിക്കുന്നതിനും അലക്കുന്നതിനും പെരിയാറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. പെരിയാറ്റിലൂടെ ഒഴുകുന്ന മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിെവക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ടൗണിൽനിന്ന് ശേഖരിക്കുന്ന മാലിന്യം തരംതിരിച്ച് നശിപ്പിക്കുകയും ജൈവവളം നിർമിക്കുകയും ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ, നിലവിലെ കരാറുകാരൻ തുക കുറവായതിനാൽ യഥാസമയം മാലിന്യം നീക്കുന്നില്ലെന്ന് പറയുന്നു. കരാറുകാരനും ശുചീകരണ തൊഴിലാളികളും ഒത്തുകളിച്ച് മാലിന്യം നീക്കം തടസ്സപ്പെടുത്തി. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ നിരവധി പരാതികൾ നൽകിയിട്ടും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.