കൈ​യേ​റ്റ​വും ഭൂ​മി സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും: :ദേ​വി​കു​ളം താ​ലൂ​ക്കി​ൽ പ​ട്ട​യ ന​ട​പ​ടി അ​വ​താ​ള​ത്തി​ൽ

അടിമാലി: ദേവികുളം താലൂക്കിൽ പട്ടയ നടപടികൾ വീണ്ടും അവതാളത്തിൽ. മൂന്നാർ കൈയേറ്റവും ആറ് വില്ലേജുകളിലെ ഭൂമി സംബന്ധിച്ച് തർക്കവുമാണ് ദേവികുളം താലൂക്കിന് വിനയായത്. മേയിൽ ജില്ലയിൽ നടക്കുന്ന പട്ടയമേളയിലേക്ക് ദേവികുളം താലൂക്കിനെ സർക്കാർ പരിഗണിക്കില്ല. ദേവികുളം താലൂക്കിന് കീഴിൽ വരുന്ന കെ.ഡി.എച്ച് ഒഴികെ മറ്റെല്ലാ വില്ലേജുകളിലും അപേക്ഷകൾ സ്വീകരിക്കുകയും പട്ടയ നടപടികൾ റവന്യൂ വകുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, മൂന്നാർ വിഷയം വീണ്ടും ആളിക്കത്തിയതോടെ തുടർ നടപടി ഉണ്ടാവാതെ വന്നതാണ് രണ്ട് പതിറ്റാണ്ടിന് ശേഷവും വിനയായി മാറിയത്. 1993ലാണ് അവസാനമായി ദേവികുളം താലൂക്കിൽ പട്ടയം നൽകിയത്. ഇതിന് ശേഷം മറ്റ് താലൂക്കുകളിൽ 30000ലേറെ പട്ടയങ്ങൾ വിതരണം ചെയ്തിരുന്നെങ്കിലും ദേവികുളം താലൂക്കിനെ അവഗണിക്കുകയായിരുന്നു. ദേവികുളം താലൂക്കിൽ പ്രവർത്തിക്കേണ്ട എൽ.എ വിഭാഗം ഇപ്പോൾ പീരുമേട് താലൂക്ക് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മറ്റ് താലൂക്കുകളിൽ പട്ടയം നൽകുന്ന നടപടിയുടെ ഭാഗമായി അപേക്ഷകൾ സ്വീകരിച്ചപ്പോൾ ദേവികുളം താലൂക്കിലും അപേക്ഷകൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഈ അപേക്ഷകളൊക്കെ വില്ലേജുകളിൽ സൂക്ഷിച്ചാൽ മതിയെന്നും അറിയിപ്പ് വന്നശേഷം തുടർ നടപടി സ്വീകരിച്ചാൽ മതിയെന്നുമാണ് ഉന്നതങ്ങളിൽനിന്നുള്ള അറിയിപ്പ്. അപേക്ഷയിൽ വില്ലേജ് ഓഫിസറുടെ സൈറ്റ് വെരിഫിക്കേഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള അപേക്ഷകളാണ് വീണ്ടും ഫ്രീസറിലേക്ക് മാറുന്നത്. കൈയേറ്റവുമായി ബന്ധപ്പെട്ട് തർക്കത്തിലുള്ള പ്രദേശങ്ങളിൽ പട്ടയ നടപടികൾ നിർത്തിവെച്ച് പ്രശ്നങ്ങളില്ലാത്ത വില്ലേജുകളിൽ പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്ന കർഷകരുടെ ആവശ്യത്തിന് പരിഗണന ലഭിക്കുന്നില്ല. കെ.ഡി.എച്ച് വില്ലേജിൽ പട്ടയം നൽകുന്നതിന് കലക്ടർക്കാണ് അധികാരമുള്ളത്. ഇതുസംബന്ധിച്ച് സർക്കാർ നിർദേശം വന്നാൽ മാത്രേമ കെ.ഡി.എച്ചിനെ പരിഗണിക്കുകയുള്ളൂ. എന്നാൽ, പുതിയ സാഹചര്യത്തോടെ താലൂക്കിൽ ആർക്കും പട്ടയം ലഭിക്കാനുള്ള സ്ഥിതി നിലവിലില്ല. താലൂക്കിൽ ഓരോ വില്ലേജുകളിലും 500 മുതൽ 2000 വരെ അപേക്ഷകളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ലഭിച്ചത്. ദേവികുളത്ത് പട്ടയ നടപടി ആരംഭിക്കാൻ ഒരുവർഷം മുമ്പ് സർക്കാർ ഉത്തരവ് വന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി മുതലാണ് നടപടികൾ തുടങ്ങിയത്. മൂന്നാർ കൈയേറ്റ വിഷയത്തിൽ കെ.ഡി.എച്ചിന് പുറമെ മാങ്കുളം, പള്ളിവാസൽ, വട്ടവട, ആനവിരട്ടി, കൊട്ടാക്കമ്പൂർ, കാന്തല്ലൂർ, മറയൂർ, കീഴാന്തൂർ, വെള്ളത്തൂവൽ വില്ലേജുകളാണ് പ്രശ്നത്തിലെത്തിയിരുന്നത്. വൻകിട റിസോർട്ട്-റിയൽ എസ്റ്റേറ്റ് മാഫിയകൾ സർക്കാർ ഭൂമി കൈയേറി ബഹുനില മന്ദിരങ്ങൾ പണിതതും മറ്റുമാണ് ഇവിടത്തെ സാധാരണക്കാരുടെ പട്ടയ സ്വപ്നം പൂവണിയാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.