തൊടുപുഴ: തമിഴ്നാട് നാഗർകോവിൽ സ്വദേശികളായ സഹോദരങ്ങൾ തൊടുപുഴയാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച സംഭവം നഗരത്തിെൻറ നൊമ്പരമായി. കുട്ടികളെ കാണാതായതു മുതൽ നാട്ടുകാരും സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും കൈമെയ്യ് മറന്നുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്. 19 മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ എല്ലാ പ്രതീക്ഷയും തല്ലിത്തകർത്ത് ഫെസ്റ്റസിെൻറയും ഫുള്ളറിെൻറയും മൃതദേഹങ്ങൾ കണ്ടെടുക്കുേമ്പാൾ പലരും നെഞ്ചിൽ കൈവെച്ചു കരഞ്ഞുപോയി. ഞായറാഴ്ച വൈകീട്ട് കുട്ടികൾ ഒഴുക്കിൽപെട്ടതു മുതൽ തൊടുപുഴയാറ്റിലെ ജലനിരപ്പ് താഴ്ത്താൻ മലങ്കര വൈദ്യുതി നിലയത്തിൽ ഉൽപാദനം നിർത്തിവെച്ചിരുന്നു. കനാലുകൾ വഴി കൂടുതൽ ജലം തുറന്നുവിട്ടു. എന്തിനും തയാറായി ചെറുപ്പക്കാരടക്കം ആറ്റിെൻറ കരകളിൽ തടിച്ചുകൂടി. നീന്തൽ വശമുള്ളവർ ആരും ആവശ്യപ്പെടാതെ ആറ്റിലേക്ക് എടുത്തുചാടി തിരച്ചിൽ തുടങ്ങി. ചിലർ ചെറുവള്ളങ്ങളുമായി ഒപ്പം കൂടി. നാട്ടുകാർക്കൊപ്പം സർക്കാർ സംവിധാനങ്ങളും ഉണർന്നു. തൊടുപുഴ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്ന് ഫയർഫോഴ്സ് അംഗങ്ങൾ, ജലാശയങ്ങളിൽ തിരച്ചിൽ നടത്തുന്ന സ്കൂബ ടീം അംഗങ്ങൾ, തൊടുപുഴ തഹസിൽദാർ, വില്ലേജ് ഓഫിസർ, തൊടുപുഴ ഡിവൈ.എസ്.പി എൻ.എൻ. പ്രസാദ്, നഗരസഭ ചെയർപേഴ്സൺ സഫിയ ജബ്ബാർ, നഗരസഭ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ, രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. പൊലീസ് അതിവേഗം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തി വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം അതിവേഗം നാട്ടിലെത്തിക്കാനും കുടുംബക്കാർക്ക് മടങ്ങിപ്പോകാനുമായി തൊടുപുഴ തഹസിൽദാറാണ് വാഹനങ്ങൾ ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.