കാഞ്ഞാർ: 14 കോടി മുതൽ മുടക്കിൽ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് നിർമാണം എങ്ങുമെത്തിയില്ല. നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും പണി പകുതിപോലും പൂർത്തീകരിക്കാനായില്ല. വീതികൂട്ടി സോളിങ് നടത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. എന്നാൽ, ടാറിങ് നടത്താത്തതിനാൽ കല്ലുകൾ ഇളകി ചിതറിത്തെറിച്ചു കിടക്കുകയാണ്. ഇതോടെ ഇലവീഴാപൂഞ്ചിറയിൽ എത്തണമെങ്കിൽ സാഹസിക യാത്ര നടത്തേണ്ട അവസ്ഥയാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും മെല്ലെപ്പോക്കിനെതിരെ നിരവധി പരാതികൾ ഉയർന്നെങ്കിലും ഫലമുണ്ടായില്ല. കാഞ്ഞാർ-കാഞ്ഞിരം കവല റോഡ് എന്നപേരിൽ ഇടുക്കി, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്നതും കാഞ്ഞാർ-കൂവപ്പള്ളി-ഇലവീഴാപൂഞ്ചിറ വഴി മേലുകാവിൽ എത്തിച്ചേരുന്നതുമായ 14 കി.മീ. ദൂരമുള്ള റോഡ് നിർമാണമാണ് ഇഴയുന്നത്. നിർമാണത്തിെൻറ പേരിൽ ഇവിടെനിന്ന് പാറപൊട്ടിച്ചു കടത്തിയതല്ലാതെ കാര്യമായ ജോലികൾ നടന്നില്ല. കല്ലുകൾ റോഡിൽ കൂട്ടിയിട്ട് ഗതാഗതം തടസ്സപ്പെടുത്തിയതോടെ സാധാരണക്കാരുടെ യാത്രയും നിലച്ചു. കാൽനടദുഷ്‌കരമായി. ഓട്ടോയും കാറും സഞ്ചരിച്ചിരുന്ന ഈ വഴിയിലിപ്പോൾ ജീപ്പുകൾപോലും ഏറെ പണിപ്പെട്ടാണ് കടന്നുപോകുന്നത്. ജനവാസകേന്ദ്രമായ ചക്കിക്കാവിലെ നൂറുകണക്കിനാളുകൾ ഇതുമൂലം ദുരിതത്തിലായി. ചുരുക്കം ചിലർ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാറുണ്ടെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് പലതവണ റോഡിൽ മറിയും. 2009ൽ ടെൻഡറായ റോഡിെൻറ എസ്റ്റിമേറ്റ് തുക 10.15 കോടിയായിരുന്നു. ജോലി എറ്റെടുത്ത കരാറുകാരനെതിരെ മറ്റൊരു കരാറുകാരൻ ഹൈകോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കേസ് നൽകിയതിനാൽ നാലുവർഷത്തോളം പണി മുടങ്ങി. 2013ലാണ് റോഡ് പണി ആരംഭിച്ചത്. സോളിങ് വരെയുള്ള പണി നടത്തിയതിന് 77 ലക്ഷം മാത്രമാണ് കോൺട്രാക്ടർക്ക് മാറിയെടുക്കാനായത്. കേസ് നീണ്ടതുമൂലം എസ്റ്റിമേറ്റ് തുക കൂട്ടി നൽകണമെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയും നടപടി ആയിട്ടില്ല. കലുങ്ക്, ഓട, സംരക്ഷണ ഭിത്തി മുതലായവ നിർമിക്കുകയും ടാറിങ് നടത്തുകയും വേണം. ഉദ്യോഗസ്ഥരുടെ വീഴ്ച മൂലമാണ് പണികൾ നീണ്ടുപോകുന്നതെന്ന് നാട്ടുകാർ പറയുന്നു. പുഞ്ചിറയിൽ റിസോർട്ടിെൻറയും ടവറിെൻറയും പണി നടക്കുന്നതിനാൽ ഹിറ്റാച്ചി ഉൾെപ്പടെ യന്ത്രവാഹനങ്ങളും ലോറികളും ഇതുവഴി ഓടുന്നുണ്ട്. ഇതും മെറ്റലുകൾ ഇളകാൻ കാരണമാകുന്നു. ഓട നിർമിക്കാത്തതിനാൽ മഴയിൽ റോഡ് പലയിടത്തും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.