ജി​ല്ല​യി​ൽ എ​ട്ട്​ പി.​എ​ച്ച്.​സി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​കും

തൊടുപുഴ: ജില്ലയിൽ എട്ട് പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനം. പെരുവന്താനം, വട്ടവട, കരിങ്കുന്നം, കൊന്നത്തടി, ഉടുമ്പൻേചാല, കാഞ്ചിയാർ, മരിയാപുരം, ഇളംദേശം എന്നിവിടങ്ങളിലാണ് പ്രൈമറി ഹെൽത്ത് സെൻററുകളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത്. കുടുംബ ഡോക്ടര്‍ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലും വികസനവും രോഗികള്‍ക്ക് ആവശ്യമായ സഹായവും ഉറപ്പുവരുത്തുന്നതാണ് പുതിയ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളും കേന്ദ്രീകരിച്ചാണ് പദ്ധതി തയാറാകുന്നത്. ആദ്യഘട്ടം എന്ന നിലക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് താലൂക്ക്, മെഡിക്കല്‍ കോളജ് ആശുപത്രികളിലും നടപ്പാക്കും. 14 ജില്ലകളിൽ നിന്നുമായി 171 പ്രാഥമികാരോഗ്യ സെൻററുകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർത്തുന്നതിലൂടെ മാതൃശിശു-ആരോഗ്യം, സാംക്രമിക രോഗങ്ങള്‍ തടയുക, അപകടത്തിൽപെടുന്നവര്‍ക്ക് വൈദ്യസഹായം നല്‍കുക, ജീവിതശൈലീരോഗങ്ങളെ നിയന്ത്രിക്കുക, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ചെറിയ ചികിത്സക്കും മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുന്ന നിലവിലെ വ്യവസ്ഥക്ക് ഇതിലൂടെ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പാക്കുന്നതോടെ കുടുംബഡോക്ടര്‍ വഴി ചികിത്സാചെലവ് കുറക്കാൻ കഴിയും. ഇതിനായി ആരോഗ്യകാര്‍ഡ് ഉള്‍പ്പെടെ തയാറാക്കി രോഗവിവരങ്ങള്‍ ശേഖരിക്കും. ഇതിനുവേണ്ട പശ്ചാത്തല സൗകര്യമൊരുക്കാൻ പഞ്ചായത്തുകൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. ജനറിക്‌ മരുന്നുകൾ മിതമായ വിലയ്ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കും. പി.എച്ച്.സികൾ കുടുംബ ആരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമ്പോൾ ഡോക്ടർമാരെയും സ്റ്റാഫ്‌ നഴ്സുമാരെയും ലാബ്‌ ടെക്നീഷ്യന്മാരെയും നിയമിക്കാനുള്ള നടപടികൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്താൻ ആവശ്യമായ സംഘത്തിനു പരിശീലന പരിപാടികൾ നടന്നുവരുകയാണ്. നവകേരള മിഷെൻറ ഭാഗമായുള്ള ആർദ്രം മിഷനിൽ ഘട്ടം ഘട്ടമായാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കനുസരിച്ച് പദ്ധതി കൂടുതൽ വിപുലപ്പെടുത്തുമെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.