വിദ്യാര്‍ഥി വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

തൊടുപുഴ: ഒന്നു മുതല്‍ പന്ത്രണ്ടാം ക്ളാസുവരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര വിവര ശേഖരണത്തിനു ജില്ലയില്‍ തുടക്കമാകുന്നു. ഒക്ടോബര്‍ ഒന്ന് മുതലാണ് സര്‍വശിക്ഷാ അഭിയാന്‍ നേതൃത്വത്തില്‍ സര്‍വേ ആരംഭിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൈവരിക്കാനും ഫലപ്രദമായ വിദ്യാഭ്യാസ ആസൂത്രണത്തിനുമാണ് വിദ്യാര്‍ഥി വിവരശേഖരണം. കുട്ടിയുടെ പേര്, പഠിക്കുന്ന സ്കൂള്‍, ക്ളാസ് എന്നിവ മാത്രമാണ് വിവരശേഖരണവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ചിരുന്നത്. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവക്കും രക്ഷിതാക്കള്‍ക്കും സഹായകരമായ രീതിയില്‍ വിവര ശേഖരണം നടത്തി സൂക്ഷിക്കുന്നതിലൂടെ രാജ്യത്തെ ഓരോ കുട്ടിയെയും എവിടെനിന്ന് വേണമെങ്കിലും നിരീക്ഷിക്കാവുന്ന സാങ്കേതിക വിദ്യയാണ് വികസിപ്പിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിലൂടെ കുട്ടികളുടെ പഠനത്തുടര്‍ച്ച ഉറപ്പുവരുത്തുകയും ലക്ഷ്യമാണ്. അതത് ക്ളാസുകളിലെ പ്രധാനാധ്യാപികരുടെ നേതൃത്വത്തിലാകും വിവരശേഖരണം. 35 ചോദ്യാവലികളില്‍ കുട്ടിയുടെ പാഠ്യ-പാഠ്യേതര വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കും. ഇതില്‍ കുട്ടിയുടെ രോഗവിവരങ്ങള്‍, പ്രതിരോധ മരുന്നുകള്‍ നല്‍കിയ വിവരങ്ങളടക്കം ഉണ്ടാകും. സ്കൂള്‍ തലത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് ബി.ആര്‍.സി (ബ്ളോക് റിസോഴ്സ് സെന്‍ററുകള്‍) തലത്തില്‍ കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍െറ സഹായത്തോടെ ജില്ലാതലത്തില്‍ ക്രോഡീകരിക്കുകയും വിദ്യാഭ്യാസ വകുപ്പിനു കൈമാറുകയും ചെയ്യും. രാജ്യത്തൊട്ടാകെ ഈ രീതി അവലംബിക്കാനാണ് ആലോചിക്കുന്നത്. ജില്ലയില്‍ എട്ട് ബി.ആര്‍.സികളാണ് ഉള്ളത്. ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ തിരുത്താനും പുതുക്കാനും അവസരമുണ്ടാകും. ഒന്നാം ക്ളാസില്‍ ചേരുന്ന കുട്ടിക്ക് ഇതിന്‍െറ ഭാഗമായി ഒരു നമ്പര്‍ നല്‍കും. ഇത് കുട്ടികള്‍ ഏത് ക്ളാസില്‍ പഠിക്കുന്നുവെന്നും പഠനം നിര്‍ത്തിയോയെന്നും അടക്കമുള്ള കാര്യങ്ങള്‍ അറിയാന്‍ സഹായിക്കും. കുട്ടിയെ കൃത്യമായി പിന്തുടരാന്‍ കഴിയുന്ന ഒന്നായി ഈ വിവരശേഖരണം മാറുമെന്നാണ് വിദ്യാഭ്യാസ വകുപ്പും കരുതുന്നത്. വിവരശേഖരണത്തില്‍ എല്ലാ വിദ്യാലയങ്ങളും (ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ്, അനംഗീകൃത സ്കൂളുകള്‍, മദ്റസകള്‍) ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. ഇതിന്‍െറ ഭാഗമായി വിദ്യാഭ്യാസ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കടക്കം പരിശീലനം നല്‍കി. വിവരശേഖരണത്തിന്‍െറ അടിസ്ഥാന തീയതി സെപ്റ്റംബര്‍ 30 ആയിരിക്കും. ഡാറ്റ എന്‍ട്രിയുടെ ചുമതല ബ്ളോക് പ്രോഗ്രാം ഓഫിസര്‍മാര്‍ക്കാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.