ഒഴുവത്തടത്തെ നെല്‍പാടങ്ങള്‍ വീണ്ടും പച്ചപിടിക്കുന്നു

അടിമാലി: പഞ്ചായത്തിലെ ഒഴുവത്തടം ആദിവാസിക്കുടിയില്‍ തരിശുകിടന്ന നെല്‍പാടങ്ങള്‍ ഹരിതാഭമാകുന്നു. ഇതിനു മേല്‍നോട്ടം വഹിക്കുന്നത് ഒഴുവത്തടത്തെ ജൈവ നെല്‍കൃഷി കൂട്ടമാണ്. 10 ഏക്കര്‍ നെല്‍പാടം ടില്ലര്‍ ഉപയോഗിച്ച് ഉഴുത് മറിച്ചാണ് നെല്‍കൃഷി ആരംഭിച്ചത്. വര്‍ധിച്ച കൂലിയും രാസവളങ്ങളുടെ അമിതവിലയും നിമിത്തം ആദിവാസികള്‍ കുടിയിലെ നെല്‍കൃഷി നിര്‍ത്തി. ഇതിനു ബദലായാണ് 20 സംഘങ്ങള്‍ ചേര്‍ന്ന് ആശ്രയ സംഘം രൂപവത്കരിച്ച് നെല്‍കൃഷി ആരംഭിച്ചത്. തരിശുനിലം വിളഭൂമിയാക്കുന്ന ‘നെല്‍വര്‍ഷം’ പദ്ധതില്‍പെടുത്തിയാണ് നെല്‍കൃഷി. സുഭാഷ് പലേക്കറുടെ സീറോ ബജറ്റ് കൃഷി രീതിയിലൂടെ ജീവാമൃതവും ബീജാമൃതവും പഞ്ചഗവ്യവും ഉപയോഗിച്ച് തരിശുഭൂമിയെ വിളഭൂമിയാക്കും. കാര്‍മല്‍ ജ്യോതി സ്കൂള്‍, എസ്.എന്‍.ഡി.പി സ്കൂള്‍, അടിമാലി ജനമൈത്രി പൊലീസ്, എം.ബി കോളജ്, ഫാര്‍മേഴ്സ് ക്ളബ്, എന്‍.എസ്.എസ്, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, കൃഷിവകുപ്പ്, ത്രിതല പഞ്ചായത്ത് എന്നിവരുടെ സഹകരണമുണ്ട്. ഞാറുനടീല്‍ മഹോത്സവം പഞ്ചായത്ത് അംഗം എം.ബി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോസഫ് വടകര, സിസ്റ്റര്‍ ബിജി ജോസഫ്, സെബാസ്റ്റ്യന്‍ വടക്കേമുറി, നബാര്‍ഡ് റിസോഴ്സ് പേഴ്സണ്‍ ആനന്ദവല്ലി, കൃഷി ഓഫിസര്‍ ഉഷാ കുമാരി, ബേബി വെട്ടിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.